ERANAKULAMKERALALATEST

മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുക്കാനുള്ള നടപടികള്‍ എറണാകുളം കളക്ടര്‍ തുടങ്ങി

കൊച്ചി: ഓര്‍ത്തഡോക്‌സ്, യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം തുടങ്ങി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനപരമായി എങ്ങനെ കോടതി ഉത്തരവ് നടപ്പാക്കാമെന്നാണ് ആലോചിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അതേസമയം പള്ളി വിട്ടുകൊടുക്കില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് യാക്കോബായ വിശ്വാസികള്‍.
തിങ്കളാഴ്ചക്കകം മുളന്തുരുത്തി മാര്‍ത്തോമന്‍ പളളി എറണാകുളം ജില്ലാ കലക്ടര്‍ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി കൈമാറി റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൊവിഡ് രോഗവ്യാപന ഭീഷണി നിലനില്‍ക്കുമ്പോള്‍ തിടുക്കത്തില്‍ പള്ളി ഏറ്റെടുക്കാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം ഏത് വിധേനയും പ്രതിരോധിക്കുമെന്നാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്.
അതേസമയം സുപ്രീംകോടതി വിധി മാനിച്ച് പള്ളി വിട്ടുനല്‍കണമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. പള്ളി ഏറ്റെടുക്കുമ്പോള്‍ വിശ്വാസികള്‍ കൂട്ടം കൂടാന്‍ സാധ്യതയുണ്ട്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഇത് അനുവദിക്കാനാകില്ല. അതിനാല്‍ രമ്യമായി പ്രശ്‌നം പരിഹരിച്ച് പള്ളി ഏറ്റെടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം. ഇക്കാര്യം സ്റ്റേറ്റ് അറ്റോര്‍ണി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Related Articles

Back to top button