തിരുവനന്തപുരം: പീഡനത്തിനിരയായ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്ന വിവാദ പരാമര്‍ശത്തില്‍ സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരാതി നല്കി. വനിത കമ്മീഷന് ഓഫീസിലെത്തിയാണ് പീഡനക്കേസിലെ പരാതിക്കാരി പരാതി നല്‍കിയത്.
തീര്‍ത്തും മ്ലേച്ഛമായ പരാമര്‍ശങ്ങളാണ് കെപിസിസി അധ്യക്ഷന്‍ നടത്തിയതെന്നും മോശമായ വാക്കുകള്‍ ഉപയോഗിച്ച് മുല്ലപ്പള്ളി തന്നെ അപമാനിച്ചുവെന്നും വനിതാ കമ്മീഷനെ കണ്ട് പരാതി നല്കിയ ശേഷം പരാതിക്കാരിയായ യുവതി പറഞ്ഞു സ്ത്രീകള്‍ ഇന്ന ഗണത്തില്‍പ്പെട്ടവരാണെന്ന് പറയാന്‍ മുല്ലപ്പള്ളിക്ക് എന്ത് അധികാരമാണുള്ളത്. മോശം പരാമര്‍ശം നടത്തിയ ശേഷം ഖേദം പ്രകടിപ്പിച്ചത് കൊണ്ട് എന്തു കാര്യമാണുള്ളത്.
അവരുടെ ഉദ്ദേശം താന്‍ മരിക്കണമെന്നുള്ളതാണ്. താന്‍ എന്തായാലും ആത്മഹത്യ ചെയ്യില്ല.കെപിസിസി അധ്യക്ഷ സ്ഥാനം മുല്ലപ്പള്ളി രാജിവച്ചു പോകുന്നതാണ് നല്ലത്. സോളാര്‍ കേസില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ താന്‍ പരാതി നല്കുമ്പോള് മുല്ലപ്പള്ളി അന്ന് കേന്ദ്ര അഭ്യന്തരസഹമന്ത്രിയാണ്. പരാതി ഉന്നയിച്ച നേതാക്കള്‍ക്കെതിരെ ഒരു അച്ചടക്ക നടപടി പോലും അദ്ദേഹം അന്നു എടുത്തില്ല.