തിരുവനന്തപുരം: കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോലീസ് കേസെടുത്തു. പ്രസംഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെതിരേയാണ് കേസ്.
മുല്ലപ്പളളിയുടെ പരാമര്‍ശത്തിനെതിരേ ആരോപണവിധേയയായ സോളാര്‍ കേസിലെ പ്രതി നല്കിയ പരാതിയിലാണ് തിരുവനന്തപുരം വനിതാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുളള കുററങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
യുഡിഎഫ് സംഘടിപ്പിച്ച വഞ്ചനാദിനാചരണ പരിപാടിയില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. അഴിമതിയില്‍ മുങ്ങിതാണ സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഒരു അഭിസാരികയെ കൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കാന്‍ നോക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
‘ഒരു സ്ത്രീയെ ഒരിക്കല്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ ഒരിക്കല്‍ പോലും ആവര്‍ത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്മാര് പറഞ്ഞിരിക്കുന്നത്.’ഇതായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.
പരാമര്‍ശം വിവാദമായതോടെ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അതേ ചടങ്ങില്‍ അദ്ദേഹം വിശദീകരണവും നല്‍കിയിരുന്നു. എന്നാല്‍ വിഷയം വിവാദമാകുകയും നിരവധി കോണുകളില്‍നിന്ന് എതിര്‍പ്പുയരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സംസ്ഥാന വനിതാ കമ്മീഷനും മുല്ലപ്പള്ളിക്കെതിരെ കേസെടുത്തിരുന്നു.