BREAKING NEWSKERALALATEST

മുല്ലപെരിയാര്‍ സുരക്ഷിതമെന്ന് കേന്ദ്ര ജല കമ്മീഷന്‍

ന്യൂഡല്‍ഹി: മുല്ലപെരിയാര്‍ അണക്കെട്ടിന് നിലവില്‍ ഭീഷണി ഇല്ലെന്ന് കേന്ദ്ര ജല കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 130 അടിയാണെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ശരാശരി ജലനിരപ്പ് 123.21 അടിയാണ്. അതിനാല്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന വാദം തെറ്റാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
മണ്‍സൂണ്‍ ശക്തമായ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരയുള്ള മാസങ്ങളില്‍ മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടി ആയി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിക്കവേ ആണ് കേന്ദ്ര ജലകമ്മീഷന് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. അതേസമയം അപേക്ഷ ഫയല്‍ ചെയ്ത റസ്സല്‍ ജോയിയുടെ അഭിഭാഷകന്‍ വിഷയം പരിഗണിക്കുന്നത് നാല് ആഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കണം എന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം കോടതി അംഗീകരിച്ചു.
2020 ജനുവരി ഒന്നിനും മെയ് 30 നും ഇടയില്‍ 62 ഭൂചലനങ്ങള്‍ ആണ് മുല്ലപെരിയാര്‍ മേഖലയില്‍ ഉണ്ടായതെന്ന് ഇടുക്കി സ്വദേശി ആയ റസ്സല്‍ ജോയ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് വലിയ ഭൂകമ്പ സാധ്യതയിലേക്ക് ആണ് വിരല്‍ ചൂണ്ടുന്നത് എന്നും ജനങ്ങള്‍ വളരെ ഭീതിയോടെ ആണ് താമസിക്കുന്നത് എന്നും അപേക്ഷയില്‍ വ്യകതമാക്കിയിട്ടുണ്ട്.

Tags

Related Articles

Back to top button
Close