BREAKING NEWSKERALALATEST

കനത്ത മഴ പെയ്താല്‍ മുല്ലപ്പെരിയാറില്‍ ആശങ്കയെന്ന് സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണശേഷിയേക്കാള്‍ വളരെ കുറവ് വെള്ളമേ നിലവില്‍ ഉള്ളൂവെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജലസേചനവകുപ്പിന്റെ ഡാമുകളില്‍ സംഭരണശേഷിയുടെ 61.8% വെള്ളം മാത്രമാണുള്ളത്. വൈദ്യുതിവകുപ്പിന്റെ ഡാമുകളില്‍ സംഭരണശേഷിയുടെ 63.5 ശതമാനം വെള്ളമേ ഉള്ളൂവെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം വഴി അറിയിച്ചു. അതേസമയം, ശക്തമായ മഴയുണ്ടായാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
മറ്റ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നതിങ്ങനെ: ഇടുക്കി (64.61%), ഇടമലയാര്‍ (57.46%), കക്കി (64.420%), ബാണാസുരസാഗര്‍ (77.98%), ഷോളയാര്‍ (79.11%).
അതിതീവ്രമഴ ഉണ്ടാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാനിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതെങ്കിലും പ്രതീക്ഷിച്ച അത്ര രീതിയില്‍ കനത്ത മഴ പെയ്യാതിരുന്ന സാഹചര്യത്തില്‍ ഡാമുകള്‍ തുറക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ പക്ഷേ, ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ശക്തമായ മഴ പെയ്താല്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും ആശങ്കയുണ്ടെന്നും, ഇക്കാര്യം തമിഴ്‌നാട് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും, സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കനത്ത മഴ പെയ്ത പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 13ഓടെ തുറന്നത് 8 ഡാമുകളാണെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. ഇവയൊന്നും പ്രധാനപ്പെട്ട റിസര്‍വോയറുകളായിരുന്നില്ല. മെഗലം, മലങ്കര, കാഞ്ഞിരപ്പുഴ, ശിരുവാണി, നെയ്യാര്‍, കുറ്റ്യാടി, കാരാപ്പുഴ, വാളയാര്‍ എന്നീ ഡാമുകളാണ് തുറന്നത്. ഇവയെല്ലാം നിയന്ത്രിതമായ അളവിലാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തുവിട്ടതെന്നും സര്‍ക്കാര്‍ അറിയിക്കുന്നു. അതേസമയം, പെട്ടെന്ന് നിറഞ്ഞ അഞ്ച് റിസര്‍വോയറുകളും തുറന്നിട്ടുണ്ട്. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, കല്ലാര്‍, എരട്ടയാര്‍, മൂഴിയാര്‍ എന്നിവയാണ് തുറന്നത്.
അതിതീവ്രമഴയെന്ന മുന്നറിയിപ്പ് കിട്ടിയ പശ്ചാത്തലത്തില്‍ ഏപ്രില്‍ മുതല്‍ക്ക് തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മഴക്കാലദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ് വിവിധ വകുപ്പുകള്‍ തുടങ്ങിയിരുന്നുവെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ദുരന്തനിവാരണത്തിനും പ്രതികരണത്തിനുമായി എന്തെല്ലാം ചെയ്യണമെന്ന് വിശദീകരിക്കുന്ന ഓറഞ്ച് ബുക്ക് തയ്യാറാക്കി. ഇത് 33 വകുപ്പുകള്‍ക്കും കൈമാറി. പൊലീസിനും മറ്റ് ഏജന്‍സികള്‍ക്കും നല്‍കി. എല്ലാ ജനപ്രതിനിധികള്‍ക്കും അയച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് നടത്താന്‍ കഴിയുന്ന ദുരിതാശ്വാസക്യാമ്പുകള്‍ തയ്യാറാക്കാനും തുറക്കാനും എല്ലാ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും നി!ര്‍ദേശം നല്‍കി. ദേശീയദുരന്തപ്രതികരണസേനയോട് നേരത്തേകൂട്ടി 10 സംഘങ്ങളെ അയക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
ഓഗസ്റ്റ് 10ന് സംസ്ഥാനത്തെ ഡാമുകളുടെ സ്ഥിതിയെക്കുറിച്ചും, ജലനിരപ്പിനെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ചും സര്‍ക്കാരിനോട് കോടതി റിപ്പോ!ര്‍ട്ട് തേടി.
56 പേര്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട പെട്ടിമുടി, ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയിലായിരുന്നില്ലെന്നാണ് സംസ്ഥാനസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിക്കുന്നത്. 1974 മുതല്‍ പെട്ടിമുടിയില്‍ ലയങ്ങളുണ്ട്. ഇതുവരെ പെട്ടിമുടിയില്‍ ദുരന്തങ്ങളോ മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ല. മണ്ണിടിച്ചില്‍ ഉണ്ടാകുന്നതിന് മുമ്പേ പെരിയവര പാലം തകര്‍ന്നത് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് സര്‍ക്കാര്‍ പറയുന്നു. തുടര്‍ച്ചയായി പെയ്ത മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് വിഘാതമായെന്നും സര്‍ക്കാര്‍ 24 പേജുള്ള സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിക്കുന്നു

Related Articles

Back to top button