മുംബൈ: രണ്ടുദിവസമായി നിര്‍ത്താതെ പെയ്യുന്ന കനത്തമഴയ്ക്കിടയില്‍ മുംബൈയില്‍ ദുരിതം വിതച്ച് ശക്തമായ കാറ്റും. മുംബൈയിലെ കൊളാബയില്‍ മണിക്കൂറില്‍ 106 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. നിരവധി മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു.
60.70 കിലോമീറററില്‍ വീശിയ കാറ്റ് അഞ്ചുമണിയോടെ 107 കിലോമീറ്റര്‍ വേഗത കൈവരിക്കുകയായിരുന്നു. അടുത്തിടെ മുംബൈ അഭിമുഖീകരിച്ച നസര്‍ഗ ചുഴലിക്കാറ്റിനേക്കാള്‍ തീവ്രതയോടെയാണ് കാറ്റുവീശിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാറ്റിന്റെ വേഗതയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ കീഴ്മേല്‍ മറിയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
പ്രകൃതിക്ഷോഭം കണക്കിലെടുത്ത് ജനങ്ങളോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെയും സിറ്റി പോലീസും നിര്‍ദേശിച്ചിട്ടുണ്ട്. കനത്തമഴ ഇന്നുരാത്രി കൂടി തുടരുമെന്നാണ് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെ പുലര്‍ച്ചയോടെ മഴകുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കനത്തമഴയെയും വെള്ളക്കെട്ടിനെയും തുടര്‍ന്ന് ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് മുതല്‍ വാഷി വരേയും താനെയിലേക്കുളള പ്രധാനപാതകളിലും ട്രെയിന്‍ സര്‍വീസ് താല്കാലികമായി നിര്‍ത്തിവെച്ചതായി റെയില്‍വേ ട്വീറ്റ് ചെയ്തു.
മുംബൈയിലെ നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തുകൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ ഓഫീസ് അറിയിച്ചു. ‘എല്ലാവരോടും വീടുകള്‍ക്കുളളില്‍ തന്നെ കഴിയാന്‍ നിര്‍ദേശിക്കുകയാണ്. നമുക്ക് കാണാന്‍ സാധിക്കുന്നതുപോലെ മുംബൈ കനത്തമഴയും ശക്തിയായ കാറ്റും നേരിട്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരോടും പ്രത്യേകിച്ച് ഈ പ്രകൃതിക്ഷോഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരോട് സുരക്ഷിതരായിരിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങള്‍എവിടെയാണോ അവിടെ തുടരുക.’ ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു.