കൊച്ചി: മൂന്നാറിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ വ്യാജമല്ലെന്നും അര്‍ഹതയുള്ളവര്‍ക്ക് തന്നെയാണ് കിട്ടിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഡീഷണല്‍ തഹസില്‍ദാരായിരുന്ന എം ഐ രവീന്ദ്രന്‍ പട്ടയം നല്‍കിയത് അര്‍ഹര്‍ക്ക് തന്നെയാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇടുക്കി ജില്ലയില്‍ നല്‍കിയ പട്ടയങ്ങള്‍ വ്യജമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് പട്ടയം നല്‍കിയത്. പട്ടയമേളയിലാണ് ഈ പട്ടയങ്ങള്‍ വിതരണം ചെയ്തത്. അര്‍ഹര്‍ ഉള്‍പ്പെട്ടതിനാലാണ് പട്ടയം റദ്ദാക്കാത്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മൂന്നാറിലെ കയ്യേറ്റങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാമെന്നും സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചിട്ടുണ്ട്.
മൂന്നാര്‍ കയ്യേറ്റങ്ങള്‍ സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് വിടേണ്ടിവരുമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല. വഴിവിട്ട് ഇടപെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കാലങ്ങളായി നടപടിയെടുത്തിട്ടുണ്ട്. കയ്യേറ്റക്കാര്‍ക്കെതിരെയും കേസുകളെടുത്തു. മൂന്നാറില്‍ വ്യാജ പട്ടയമുള്ളതായി കണ്ടെത്തിയിട്ടില്ല. ക്രമവിരുദ്ധമായി പട്ടയം അനുവദിച്ചതാണ് അന്വേഷിച്ചത്. രവീന്ദ്രന്‍ പട്ടയം പോലും വ്യാജമല്ല. ദേവികുളത്ത് പട്ടയമേള നടത്തിയാണ് അര്‍ഹരായവര്‍ക്ക് അന്ന് പട്ടയം നല്‍കിയത്. റവന്യൂ ഉദ്യോഗസ്ഥനായിരുന്ന എം ഐ രവീന്ദ്രന്റെ നടപടികളിലെ പിഴവാണ് പിന്നീട് പുറത്തുവന്നത്. അര്‍ഹരായവര്‍ക്ക് തന്നെയാണ് പട്ടയം കിട്ടിയത് എന്നത് കൊണ്ടുതന്നെയാണ് റദ്ദാക്കാതിരുന്നത്. കോടതിയുന്നയിച്ച സംശയങ്ങള്‍ പരിശോധിക്കുന്നതിനും കയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും പ്രത്യേക സംഘത്തെ നിയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റവന്യൂ, പൊലീസ് അടക്കം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാവും ഇതിന്റെ പ്രവര്‍ത്തനം. എന്നാല്‍ കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ വ്യാജരേഖയുണ്ടാക്കിയോ എന്നും ഉദ്യോഗസ്ഥര്‍ പണം വാങ്ങിയോ എന്നും പരിശോധിക്കേണ്ടതല്ലേയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഡിജിറ്റല്‍ സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും കയ്യേറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
1,077 1 minute read