കണ്ണൂര്‍: പാനൂര്‍ പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന് പോലീസ്. കേസില്‍ പത്തിലധികം പേര്‍ക്ക് പങ്കുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്. ഇളങ്കോ പറഞ്ഞു.
രാഷ്ട്രീയ പകപോക്കലാണെന്നാണ് പ്രാഥമിക നിഗമനം. കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടന്ന സ്ഥലം കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരില്‍ ലീഗ് പ്രവര്ത്തകന് നേരെ ആക്രമണമുണ്ടായത്. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷം മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. സഹോദരന് മുഹ്സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മന്‍സൂര്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.എം. പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മന്‍സൂറിന്റെ അയല്‍വാസിയുമായ ഷിനോസാണ് പിടിയിലായത്.