തെങ്കാശി: തമിഴ്‌നാട് തെങ്കാശിയില്‍ ഭര്‍ത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിനു ചുവട്ടില്‍ കുഴിച്ചുമൂടിയ ഭാര്യ മൂന്നു വര്‍ഷത്തിനു ശേഷം പിടിയില്‍. തെങ്കാശി കുത്തുകല്‍ എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ കൊലപാതകം. കാമുകന്റെ ഒപ്പം താമസിക്കുന്നതിനു തടസ്സമായതാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
തെങ്കാശി കുത്തുകല്‍ ഗ്രാമത്തിലെ കാളിരാജ് എന്നയാള്‍ നാലു വര്‍ഷം മുന്‍പാണ് അഭിരാമി എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നത്. രണ്ടു പേരുടെയും രണ്ടാം വിവാഹമായിരുന്നു. കാളിരാജിനെ മൂന്ന് വര്‍ഷം മുന്‍പു പെട്ടെന്ന് കാണാതായി. കാളിരാജ് നാടു വിട്ടു പോയി എന്നാണ് അഭിരാമി എല്ലാവരോടും പറഞ്ഞിരുന്നത്. മകനെ കാണാനില്ലെന്നു കാണിച്ച് കാളിരാജിന്റെ അമ്മ പൊലീസിനെ സമീപിച്ചു.
അതിനിടയ്ക്കു കാളിരാജിന്റെ സുഹൃത്തായ ഒരാള്‍ക്കൊപ്പം അഭിരാമി താമസം തുടങ്ങിയതു ശ്രദ്ധയില്‍പെട്ട പൊലീസ് അന്വേഷണം തുടങ്ങി. അഭിരാമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കാളിരാജിനെ ശ്വാസം മുട്ടിച്ച് കൊന്നു മുറ്റത്തെ മരച്ചുവട്ടില്‍ കുഴിച്ചുമൂടിയതായി വിവരം കിട്ടിയത്.
മണ്ണുമാന്തി നടത്തിയ പരിശോധനയില്‍ അസ്ഥികള്‍ കണ്ടെത്തി. ഡിഎന്‍എ പരിശോധനയില്‍ ഇവ കാളിരാജിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ അഭിരാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തില്‍ കൂട്ടുനിന്ന കാമുകന്‍, സഹായം നല്‍കിയ രണ്ടു സുഹൃത്തുക്കള്‍ എന്നിവരും പിടിയിലായി.