ഡബ്ലിന്‍: ഇന്ത്യന്‍ യുവതിയെയും രണ്ട് മക്കളെയും അയര്‍ലന്‍ഡിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയര്‍ലന്‍ഡ് ബാലന്റീറിലെ വസതിയിലാണ് 37 വയസുള്ള സീമ ബാനുവിനെയും പതിനൊന്നും ആറും വയസുള്ള അവരുടെ മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകമാണെന്ന് സംശയം ഉണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ പറ്റുകയുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്.
ബംഗളൂരു സ്വദേശിയായ സീമ ബാനു, 11 വയസുള്ള മകള്‍ അസ്ഫിറ റിസ, ആറു വയസുള്ള മകന് ഫൈസാന്‍ സയീദ് എന്നിവരാണ് മരിച്ചത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. അതേസമയം, മൂന്നു പേരുടെയും മരണം ‘ദുരൂഹം’ എന്ന വിഭാഗത്തിലാണ് പൊലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അയര്‍ലന്‍ഡ് പൊലീസായ ഗാര്‍ഡയാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ നടത്തുന്നത്.
അതേസമയം, ഭര്‍ത്താവില്‍ നിന്ന് സീമയ്ക്ക് അതിക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്.കഴിഞ്ഞ കുറേ ദിവസങ്ങളായി സീമയെയും കുട്ടികളെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മരണം ബുധനാഴ്ച മാത്രമാണ് പൊലീസ് അറിഞ്ഞത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമായിരുന്നു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്. ബാലന്റീര്‍ എജ്യുക്കേറ്റ് ടുഗെദര്‍ നാഷണല്‍ സ്കൂളിലായിരുന്നു കുട്ടികള്‍ പഠിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഭര്‍ത്താവാണോ മറ്റാരെങ്കിലുമാണോ കൃത്യത്തിന് പിന്നിലെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.