കൊട്ടിയം: വിവാഹനിശ്ചയം കഴിഞ്ഞ് പീഡിപ്പിച്ച ശേഷം വിവാഹത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിനിമ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെതിരേയും ആരോപണം. കേസില്‍ മുഖ്യപ്രതിയായ കൊല്ലൂര്‍വിള പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ 155 കിട്ടന്റഴികത്ത് വീട്ടില്‍ ഹാരിഷ് മുഹമ്മദി(24)ന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി.
വിവാഹം നിശ്ചയിച്ച്പ്രധാന ചടങ്ങായ വളയിടീല്‍ കഴിഞ്ഞതോടെ പലതവണ ഹാരിഷ് വീട്ടിലെത്തി റംസിയെ കൂട്ടി പുറത്തുപോയിരുന്നു. ഇയാളുടെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദാണ് പലപ്പോഴും വീട്ടില്‍ നിന്നും യുവതിയെ കൂട്ടിക്കൊണ്ടുപോയിരുന്നത്. ഇതിനിടെ ഗര്‍ഭിണിയായ യുവതിയെ യുവാവും വീട്ടുകാരും ചേര്‍ന്ന് എറണാകുളത്ത് കൊണ്ടുപോയി ഗര്‍ഭഛിദ്രവും നടത്തി.
പല കാരണങ്ങള്‍ പറഞ്ഞ് ഇയാളും വീട്ടുകാരും ചേര്‍ന്ന് വിവാഹം നീട്ടികൊണ്ടു പോയി. യുവതിയുടെ വീട്ടുകാരില്‍നിന്ന് ഇവര്‍ സ്വര്‍ണ്ണവും പണവും കൈപ്പറ്റിയിരുന്നു. ഇതിനൊടുവിലാണ് വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി ഹാരിഷ് യുവതിയോട് പറഞ്ഞത്. ഈ വിഷമം താങ്ങാനാകാതെ യുവതി കഴിഞ്ഞ വ്യാഴാഴ്ച വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
എട്ട് വര്‍ഷത്തിലധികമായി ഹാരിഷും യുവതിയും പ്രണയത്തിലായിരുന്നു. ഒടുവില്‍ ഹാരിഷ് തന്നെയാണ് യുവതിയുടെ വീട്ടിലെത്തി വിവാഹം കഴിച്ച് തരണമെന്നും ആവശ്യപ്പെട്ടത്. തുടര്‍ന്ന് 2019 ജൂലായിലാണ് ഇരുവീട്ടുകാരും വിവാഹനിശ്ചയവും വളയിടീല്‍ ചടങ്ങും നടത്തിയത്.
ഇതിനിടെ, റംസി, മരിക്കുന്നതിനു മുമ്പ് പ്രതി ഹാരിസിനോടും ഉമ്മയോടും ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്നു. കുറെയധികം നേരം ഫോണില്‍ സംസാരിച്ചശേഷം റൂമില്‍ കയറി വാതിലടച്ച റംസിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്.
മരണത്തിനു തൊട്ടുമുന്‍പുള്ള റംസിയുടെ ഫോണ്‍സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
‘ഇക്കൂ, ഞാന്‍ ഒന്നും പിടിച്ചു വാങ്ങുന്നില്ല. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്? ഇക്കു ചെയ്ത തെറ്റിന് എന്തിനാണു ഞാന്‍ അനുഭവിക്കുന്നത്? എന്നെ വേണ്ടെന്നും മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കണമെന്നും പറയുമ്പോള്‍ ഞാന്‍ എങ്ങനെയാണ് സമാധാനമായി ഇരിക്കുക? എനിക്കു മുന്പില് രണ്ടു വഴികളേ ഉള്ളൂ.
ഒന്ന്, മറ്റേ ബന്ധം നിര്‍ത്തി ഇക്കു എന്നെ കല്യാണം കഴിക്കുക. രണ്ടാമത്തെ വഴി… എനിക്ക് ജീവിതം വേണ്ട, ജീവനും വേണ്ട.’– എന്നാണു റംസി ഹാരിസിനോടു പറയുന്നത്. കരഞ്ഞുകൊണ്ട് യുവതി ഇതു പറയുമ്പോള്‍, യാതൊരു താല്പര്യവുമില്ലാതെ ശരി എന്നു മാത്രമായിരുന്നു ഹാരിസിന്റെ മറുപടി. നാളെ 12 മണി വരെ ആലോചിക്കാന്‍ സമയം തരണമെന്നും അതു വരെ ജീവിക്കണമെന്നും ഹാരിസ് പറയുന്നതും കേള്‍ക്കാം.
തുടര്‍ന്നുള്ള ഫോണ്‍ സംഭാഷണം റംസി ഹാരിസന്റെ ഉമ്മയുമായി നടത്തുന്നതാണ്. ഹാരിസ് തന്നെ വേണ്ടെന്നു പറഞ്ഞതായി റംസി ഉമ്മയോടു പറയുമ്പോള്‍, അതു നല്ല കാര്യമാണെന്നും നീ നല്ല ചെറുക്കനെ നോക്കി പോകാന്‍ നോക്ക് എന്നുമായിരുന്നു മറുപടി. നല്ല കുടുംബത്തില്‍ പോയി ജീവിക്കാന്‍ നോക്ക്. നീ പോടി പെണ്ണെ, നിന്റെ പണി നോക്ക്. മനസിനു കട്ടി വച്ചു ജീവിക്കൂ. അവന്റെ ബാപ്പയുടെ ആളുകള്‍ നിന്നെ അംഗീകരിക്കില്ല. അവനെ അവന്റെ പാട്ടിനു വിട്ടേക്ക്. നിന്റെ മാതാപിതാക്കള്‍ നിനക്കു കണ്ടു വയ്ക്കുന്ന ബന്ധമാണ് ഏറ്റവും നല്ലത്. ഇപ്പോള്‍ പൊന്നുമോളോട് ഇങ്ങനെ പറയാനേ ഞങ്ങളുടെ സാഹചര്യത്തില്‍ സാധിക്കൂവെന്നും ഹാരിസിന്റെ ഉമ്മ പറയുന്നു.
നീ സുന്ദരിയാണ്, നല്ലൊരു ഭാവിയുണ്ട്. അന്തസ്സുള്ള ജോലിയുണ്ട്. ഇത്രയും നല്ലൊരു ബന്ധം ഞങ്ങളുടെ കുടുംബത്തില്‍ ഇതുവരെ വന്നിട്ടില്ലെന്നും ഹാരിസിന്റെ ഉമ്മ പറയുന്നു. ‘വേറെ ഒരുത്തന്റെ കൂടെ ജീവിക്കാനല്ല ഞാന്‍ ആഗ്രഹിച്ചത്. ഉമ്മയുടെ മരുമോളായി ജീവിക്കാനാണ്. എന്നെ ഇങ്ങോട്ടുവന്ന് സ്നേഹിച്ച്, ഇത്രയും കാലം കൊണ്ടുനടന്ന്, ഒരു കുഞ്ഞിനെ തന്ന കാര്യം ഉമ്മയ്ക്ക് അറിയാലോ?
എന്നിട്ട് എന്നോടെങ്ങനെ ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നു? പുതിയ ബന്ധത്തിനാണു താല്പര്യമെങ്കില് എന്തിനാണു വളയിടല്‍ നടത്തിയത്? നേരത്തെ പറയാമായിരുന്നില്ലേ?’– യുവതി നെഞ്ചുപൊട്ടി ചോദിക്കുന്നു. അതൊന്നും സാരമില്ലെന്നും നീ വേറെ വിവാഹം കഴിക്കണമെന്നും ഈ കാര്യങ്ങള്‍ നിങ്ങള്‍ക്കു രണ്ടാള്‍ക്കും മാത്രമേ അറിയുവെന്നുമാണു പ്രതിയുടെ മാതാവ് അപ്പോള്‍ മറുപടി പറയുന്നത്.