തിരുവനന്തപുരം: പുതിയ വാഹനങ്ങളുടെ പരിശോധന ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ്. വാഹനം പുതിയതാണെന്നും ക്രമക്കേടുകള്‍ ഇല്ലെന്നും ഉറപ്പിക്കേണ്ട ബാധ്യത ഇനി ഉടമയ്ക്കാണെന്ന് മോട്ടാര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അതേസമയം ക്രമക്കേട് കാട്ടുന്ന ഡീലര്‍മാരെയും വാഹനനിര്‍മാണ കമ്പനികളെയും സഹായിക്കാന്‍ വേണ്ടിയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിയെന്നാണ് ആരോപണം.
ഉടമയുടെ ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രജിസ്ട്രേഷന് മുന്നോടിയായി പുതിയ വാഹനങ്ങള്‍ പരിശോധിക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. എന്നാല്‍ ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ വാഹനപരിശോധന ഒഴിവാക്കി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ബിഎസ് 6 വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് മാത്രമാണ് പുതിയ രജിസ്ട്രേഷന് അനുമതി നല്‍കിയിരിക്കുന്നത്. ബിഎസ് 4 വിഭാഗത്തില്‍പ്പെട്ട ഒട്ടേറെ വാഹനങ്ങള്‍ വില്ക്കാന് കഴിയാതെ വാഹനനിര്‍മ്മാതാക്കളുടെ കൈവശമുണ്ട്. ഇതിന്റെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് മോട്ടോര്‍ വകുപ്പിന്റെ നീക്കമെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം.
**