KERALANEWS

ബസിനു മുന്നില്‍ ‘ആളാവാന്‍ നോക്കി’; കാര്‍ ഡ്രൈവര്‍ക്ക് പിഴ 25,000 രൂപ

കാക്കനാട് : സ്വകാര്യ ബസ് വലത്തോട്ടും ഇടത്തോട്ടും അലക്ഷ്യമായി തിരിക്കുന്നു. മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തത്ര വേഗം കുറച്ചും കൂട്ടിയും ഓടിക്കല്‍. പിന്നെ ഹോണടിച്ചായി യാത്ര. ബസ് ജീവനക്കാരന്റെ അഭ്യാസപ്രകടനം കാറില്‍ പിന്നാലെയുണ്ടായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്യാമറയില്‍ ചിത്രീകരിച്ചു.
എന്നാല്‍ കാര്യമെന്തെന്നറിയാന്‍ ബസിന്റെ മുന്നിലെത്തിയപ്പോഴായിരുന്നു ട്വിസ്റ്റ്. സ്വകാര്യ ബസിന്റെ മുന്നില്‍ തടസ്സം സൃഷ്ടിച്ച് കാര്‍ ഡ്രൈവര്‍ നടത്തിയ അഭ്യാസപ്രകടനത്തില്‍നിന്ന് രക്ഷപ്പെടാനായിരുന്നു ബസിന്റെ ശ്രമം.
സംഭവം കൈയോടെ പിടികൂടിയ ഇന്‍സ്‌പെക്ടര്‍ എറണാകുളം സ്വദേശിയായ കാര്‍ ഡ്രൈവര്‍ റിനോയ് സെബാസ്റ്റ്യന് 25,000 രൂപ പിഴചുമത്തി. കാറിന്റെ രജിസ്ട്രേഷന്‍ താത്കാലികമായി റദ്ദാക്കാനും ആര്‍.ടി.ഒ. കെ. മനോജ് നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് 6.30-ഓടെയാണ് ബസിനെ കടത്തിവിടാതെ കാര്‍ വഴിതടഞ്ഞത്.
കാക്കനാടുനിന്നും എറണാകുളത്തേക്ക് നിറയെ യാത്രക്കാരുമായി പുറപ്പെട്ട സ്വകാര്യ ബസിനുമുന്‍പില്‍ കലൂര്‍ സ്റ്റേഡിയംമുതലാണ് മാര്‍ഗതടസ്സവുമായി കാറെത്തുന്നത്. റിനോയിക്കൊപ്പം സുഹൃത്തുമുണ്ടായിരുന്നു.
കലൂര്‍, മണപ്പാട്ടിപ്പറമ്പ് സിഗ്‌നലുകളില്‍ ബസിനെ തടഞ്ഞിടാനും ശ്രമിച്ചു. ലിസി ജങ്ഷനില്‍ കാറിനെ മറികടന്നുപോയ ബസിനെ പിന്തുടര്‍ന്ന് വലതുവശം ചേര്‍ന്ന് തെറ്റായദിശയില്‍ കാര്‍ എത്തുന്നതുകണ്ട് അപകടമൊഴിവാക്കാന്‍ ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ തൊട്ടുമുന്‍പിലെ മറ്റൊരു കാറില്‍ ബസിടിച്ചു.
തുടര്‍ന്ന് പിന്നാലെയെത്തിയ റിനോയ് സെബാസ്റ്റ്യനും സുഹൃത്തും ബസ് ഡ്രൈവറെ മര്‍ദിച്ചു. പിന്നാലെയെത്തിയ എറണാകുളം ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. രാജേഷ് കാര്‍ ഡ്രൈവറെ കൈയോടെ പൊക്കി.
പരിശോധനയില്‍ ഗതാഗത തടസ്സമുണ്ടാക്കിയ യുവാക്കളുടെ കാറില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ച പത്തോളം ലൈറ്റുകളും സണ്‍ഗ്ലാസുകളും കണ്ടെത്തി.
കാറിലെ നമ്പര്‍ പ്ലേറ്റ്, ബംബര്‍ എന്നിവ നിയമവിരുദ്ധമായ രീതിയിലായിരുന്നു. ബസ് ഡ്രൈവറുടെ വിശദീകരണം കേട്ടശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button