യാങ്കൂണ്‍:പട്ടാള ഭരണത്തിനെതിരെ മ്യാന്മറില് ശക്തിപ്രാപിക്കുന്ന ജനകീയ പ്രക്ഷോഭം നേരിടാന്‍ പൊലീസ് രംഗത്ത്. നിരോധനം ലംഘിച്ചു തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് ജലപീരങ്കിയും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. തലസ്ഥാനഗരമായ നയ്പിഡോയില്‍ റബര്‍ ബുള്ളറ്റ് ഏറ്റു 4 പേര്‍ക്കു പരുക്കേറ്റു. ഒരു സ്ത്രീയുടെ നില ഗുരുതരം. മന്‍ഡാലെ നഗരത്തില്‍ 27 പേര് അറസ്റ്റിലായി.
ഫെബ്രുവരി ഒന്നിനാണു ഓങ് സാന്‍ സൂ ചിയുടെ സര്‍ക്കാരിനെ അട്ടിമറിച്ചു പട്ടാളം ഭരണം പിടിച്ചത്. കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു അട്ടിമറി. പുതിയ തിരഞ്ഞെടുപ്പു നടത്തിയശേഷം വിജയികള്‍ക്ക് അധികാരം കൈമാറുമെന്ന് കഴിഞ്ഞ ദിവസം ടിവി പ്രസംഗത്തില്‍ പട്ടാള ഭരണാധികാരി ജനറല്‍ മിന് ഓങ് ലെയ്ങ് പറഞ്ഞെങ്കിലും തീയതി വ്യക്തമാക്കിയില്ല.
മ്യാന്‍മറിലെങ്ങും പ്രകടനങ്ങള്‍ക്കു വിലക്കുണ്ട്. യാങ്കൂണിലും മന്‍ഡാലെയിലും രാവിലെ 4 മുതല്‍ വൈകിട്ട് 8 വരെ നിരോധനാജ്ഞ തുടരുന്നു. ഇതു ലംഘിച്ചാണ് നാലാം ദിവസവും ആയിരങ്ങള്‍ തെരുവിലിറങ്ങിയത്.
രാജ്യാന്തരതലത്തില്‍ പട്ടാള ഭരണകൂടത്തിനെതിരെ സമ്മര്‍ദം ശക്തമാകുന്നതിനിടെ, മ്യാന്മറുമായുള്ള ഉന്നത ബന്ധങ്ങള്‍ അവസാനിപ്പിച്ചതായി ന്യൂസീലന്‍ഡ് പ്രഖ്യാപിച്ചു. പട്ടാള നേതാക്കള്‍ക്കു യാത്രാവിലക്കും ഏര്‍പ്പെടുത്തി.
പട്ടാളഭരണം പിന്‍വലിക്കാനാവശ്യമായ സമ്മര്‍ദം ചെലുത്താന്‍ ഏഷ്യയിലെ രാഷ്ട്രനേതാക്കളോട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുനഃസ്ഥാപിക്കണമെന്നു യുഎസും ആവശ്യപ്പെട്ടു.