നയ്പിറ്റോ: മ്യാന്മറിലെ സൈനിക അട്ടിമറിക്കു പിന്നാലെ സൈന്യത്തിന് കര്‍ശന താക്കീതുമായി യുഎസ് ഭരണകൂടം. മ്യാന്മറിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും പിന്മാറിയില്ലെങ്കില് നടപടിയെന്നും യുഎസ് മുന്നറിയിപ്പ് നല്കി. ഒരു വര്‍ഷത്തേക്ക് മ്യാന്മറില് പട്ടാളഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചതിലാണ് മുന്നറിയിപ്പ്. ഓങ് സാന്‍ സൂചി, വിന് മയന്റ് തുടങ്ങിയ നേതാക്കളെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും യുഎസ് മ്യാന്മര് സൈന്യത്തിനു മുന്നറിയിപ്പ് നല്കി.
മ്യാന്മര് ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സൂചി (75), പ്രസിഡന്റ് വിന് മയന്റ്, ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം പാന്‍ താര് മൈന്റ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ അറസ്റ്റിലായത് സൈന്യം സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിനാണ് അറസ്റ്റെന്നാണ് സൈന്യം പറയുന്നത്. സൈനികനീക്കം പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് ചേരാനിരിക്കെയാണ്.
മ്യാന്മറില് നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിനെയോ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയോ അട്ടിമറിക്കാനുള്ള ഏതൊരു നീക്കത്തെയും അപലപിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നതായി വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാക്കി പറഞ്ഞു. സൈന്യം അടക്കമുള്ള എല്ലാ വിഭാഗങ്ങളും ജനാധിപത്യ മൂല്യങ്ങളെയും രാജ്യത്തെ നിയമ സംവിധാനത്തെയും ബഹുമാനിക്കണമെന്നും ജെന്‍ സാക്കി പറഞ്ഞു.
നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഓങ് സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു. തിരഞ്ഞെടുപ്പില്‍ 476 സീറ്റില്‍ 396 സീറ്റും സൂചി നേടി. വെറും 33 സീറ്റ് മാത്രമുള്ള സൈന്യത്തിന്റെ പിന്തുണയുള്ള പ്രതിപക്ഷ പാര്‍ട്ടിയായ യുഎസ്ഡിപി ഈ വിജയം അംഗീകരിച്ചിരുന്നില്ല. അട്ടിമറി നടന്നുവെന്ന ആരോപണം യുഎസ്ഡിപി സജീവമായി ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മ്യാന്മറില് സൈനിക അട്ടിമറി നടന്നിരിക്കുന്നത്. 50 വര്‍ഷം നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എന്‍എല്‍ഡി അധികാരത്തിലെത്തിയത്.