BREAKING NEWSKERALALATESTNEWS

ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; മൊഴികള്‍ പരിശോധിച്ച് പൊരുത്തക്കേടുകളില്‍ വ്യക്തത വരുത്തുക ലക്ഷ്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10 മണിയ്ക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ എന്‍ഐഎ സംഘം ഒമ്പതര മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ശിവശങ്കറിന്റെ നേരത്തെ നല്‍കിയ മൊഴികളും ഇന്നലത്തെ മൊഴികളും പരിശോധിച്ച് പൊരുത്തക്കേടുകളില്‍ വ്യക്തത വരുത്തുകയാണ് എന്‍ഐഎയുടെ ലക്ഷ്യം. മറുപടി തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് അന്വേഷണസംഘം നീങ്ങിയേക്കുമെന്നും സൂചനയുണ്ട്.

ശിവശങ്കറിന്റെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായാണ് സൂചന. പല ചോദ്യങ്ങള്‍ക്കും അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ മറ്റു പ്രതികളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും അടക്കം പരിശോധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിലേക്ക് നീങ്ങാനാണ് എന്‍ഐഎയുടെ നീക്കം. എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു മാരത്തണ്‍ ചോദ്യം ചെയ്യല്‍ നടന്നത്. എന്‍ഐഎ ഡല്‍ഹി ആസ്ഥാനത്തു നിന്നും ചോദ്യം ചെയ്യല്‍ നിരീക്ഷിച്ചിരുന്നു.

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്, തന്റെ ബന്ധുവിന്റെ ഭാര്യയാണെങ്കിലും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിലാണ് ഔദ്യോഗിക പരിചയമെന്ന് ശിവശങ്കര്‍ പറഞ്ഞു. സംസ്ഥാന ഐടി വകുപ്പിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിയിലേക്കു സ്വപ്നയെ സംസ്ഥാനത്തെ ഭരണമുന്നണിയുമായി ബന്ധമുള്ള ആരെങ്കിലും ശുപാര്‍ശ ചെയ്‌തോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു മൊഴി. എന്നാല്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ സ്വപ്നയുടെ നിയമനത്തിനു വേണ്ടി ഇടപെട്ടോ എന്ന ചോദ്യത്തിന് ശിവശങ്കര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

Related Articles

Back to top button