തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു. പൂജപ്പുരയിലെ വീട്ടില്‍ നിന്നും പുലര്‍ച്ചെ നാലരയോടെ സ്വകാര്യ വാഹനത്തിലാണ് ശിവശങ്കര്‍ കൊച്ചിയിലേക്കു പോയത്. ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തില്‍ എന്‍ഐഎ എന്തു നിലപാട് എടുക്കുന്നുവെന്നത് സര്‍ക്കാരിനും നിര്‍ണായകമാണ്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധിപ്പിക്കുന്ന നിരവധി ചോദ്യങ്ങളാകും ശിവശങ്കറിനെ കാത്തിരിക്കുന്നത്. കസ്റ്റംസിനും എന്‍.ഐ.എയ്ക്കും നല്കിയ മൊഴികളില്‍ പൊരുത്തക്കേടുകള്‍ എങ്ങനെ ഉണ്ടായി? സ്വപ്ന യുമായി സൗഹൃദം ഉണ്ടാകാനുള്ള സാഹചര്യം? എന്തിന് സ്വപ്ന യ്ക്കും സരിത്തിനും ഫ്ലാറ്റ് എടുത്ത് നല്കി? വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപനയ്ക്ക് ജോലി നല്കാന് എന്തിന് താല്‍പ്പര്യമെടുത്തു? സ്വപ്ന വഴി, സരിത് സന്ദീപ് എന്നിവരെ എന്തിന് പരിചയപ്പെട്ടു?ബന്ധം സ്ഥാപിച്ചു? സ്വപ്ന യുമായി സാമ്പത്തിക ഇടപാട് നടന്നത് എന്തിന്? ഡിപ്ലൊമാറ്റിക് ബാഗേജ് വരുന്ന ദിവസം, അതിന് തലേന്ന്, വിട്ടുകിട്ടാന്‍ വൈകിയ ദിവസങ്ങള്‍ – സ്വപ്ന യുമായി അസാധാരണമാം വിധം നിരവധി ഫോണ്‍ കോളുകള്‍ ഉണ്ടായത് എന്തിന്? ഈ ദിവസങ്ങളില്‍ സ്വപ്ന, സന്ദീപ് എന്നിവരുമായി കണ്ടത് എന്തിന്? മറ്റൊരു ഫോണില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചത് എന്തിന്? വിദേശയാത്രകള്‍ എന്തിനു വേണ്ടിയായിരുന്നു? അന്ന് ഫൈസല്‍ ഫരീദിനെ പരിചയപ്പെടുകയും ആതിഥ്യം സ്വീകരിക്കുകയും ചെയ്തോ? ഈ ചോദ്യങ്ങളില്‍ എന്‍.ഐ ശിവശങ്കറില്‍ നിന്നും വ്യക്തതവരുത്തുമെന്നാണ് സൂചന.