ENTERTAINMENT

ദൈവം നിന്നോടു കൂടെയുണ്ട്; വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ ബൈബിള്‍ വചനം ഉരുവിട്ട് വീഡിയോയുമായി നടാഷ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ ബൈബിള്‍ വചനങ്ങള്‍ ഉരുവിടുന്ന വീഡിയോയുമായി നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ച്. ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ നിരുത്സാഹപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്നതിന് പകരം ദൈവത്തില്‍ വിശ്വസിക്കൂ എന്ന് വീഡിയോയില്‍ നടാഷ പറയുന്നു.
കാറില്‍ സഞ്ചരിക്കുമ്പോള്‍ ചിത്രീകരിച്ച വീഡിയോയാണ് താരം പങ്കുവെച്ചത്. ഇന്ന് ശരിക്കും കേള്‍ക്കേണ്ട ഒരു കാര്യം വായിച്ചതില്‍ ആവേശഭരിതയാണ് താനെന്ന് പറഞ്ഞാണ് നടാഷ വീഡിയോ ആരംഭിക്കുന്നത്. അത് വായിച്ചുതരാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് കാറില്‍ ബൈബിളും കൊണ്ടുവന്നതെന്നും അവര്‍ പറഞ്ഞു.
ദൈവം നിന്നോടുകൂടെയുണ്ടെന്നും അദ്ദേഹം നിന്നെ കൈവിടില്ലെന്നുമുള്ള ബൈബിള്‍ വചനം വായിച്ച നടാഷ അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുകയും ചെയ്തു. ”ചില പ്രത്യേക സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ പലപ്പോഴും നിരുത്സാഹപ്പെടുകയും നിരാശപ്പെടുകയും ദുഃഖിക്കുകയും ചെയ്യും, എന്നാല്‍ ദൈവം നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്ന സാഹചര്യങ്ങളില്‍ അദ്ദേഹം ആശ്ചര്യപ്പെടുന്നില്ല. കാരണം അദ്ദേഹത്തിന് ഒരു പദ്ധതിയുണ്ട്. നിങ്ങളെ കൈവെടിയില്ല.” – നടാഷ പറയുന്നു.
ഹാര്‍ദിക്കും നടാഷയും വേര്‍പിരിയുകയാണെന്ന വാര്‍ത്ത ദീര്‍ഘനാളായി പ്രചരിക്കുന്നുണ്ട്. ടി 20 ലോകകപ്പ് വിജയത്തിനു ശേഷം ഹാര്‍ദിക്കിനെയോ ഇന്ത്യന്‍ ടീമിനെയോ അഭിനന്ദിച്ച് നടാഷ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരു പോസ്റ്റ് പോലും പങ്കുവെച്ചിരുന്നില്ല. ഇതോടെ ഈ അഭ്യൂഹം ശക്തമായി. പിന്നാലെ നടാഷയ്ക്കെതിരേ സൈബര്‍ ആക്രമണവുമുണ്ടായി.
നേരത്തേ ഇന്‍സ്റ്റഗ്രാമിലെ ബയോയില്‍ നിന്ന് പാണ്ഡ്യ എന്ന സര്‍നെയിം നടാഷ ഒഴിവാക്കിയതോടെയാണ് അഭ്യൂഹങ്ങളുണ്ടായത്. ഒപ്പം ഹാര്‍ദികിനൊപ്പമുള്ള ചില ചിത്രങ്ങളും അവര്‍ ഒഴിവാക്കിയിരുന്നു. 2020-ലാണ് നടാഷയും ഹാര്‍ദികും വിവാഹിതരായത്. ലോക്ഡൗണിനിടയില്‍ രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. അതുകൊണ്ടുതന്നെ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 2023-ല്‍ ഇരുവരും വീണ്ടും വിവാഹിതരായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായി ആര്‍ഭാടമായി നടത്തിയ വിവാഹത്തിലെ പ്രധാന ആകര്‍ഷണം ഇരുവരുടെയും മകന്‍ അഗസ്ത്യ ആയിരുന്നു. 2020 ജൂലൈയിലാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നത്.

Related Articles

Back to top button