LATESTNATIONALTOP STORY

നരേന്ദ്രമോദി അഞ്ച് വര്‍ഷത്തിനിടെ സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍; ചെലവ് 517 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് വര്‍ഷത്തിനിടെ സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍. ഈ യാത്രകള്‍ക്കായി ആകെ ചെലവായത് 517 കോടി രൂപയാണ്. വിദേശകാര്യ മന്ത്രാലയം രേഖാമൂലമാണ് ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്.പ്രധാനമന്ത്രി അഞ്ച് തവണ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സിംഗപ്പൂര്‍, ജര്‍മനി, ഫ്രാന്‍സ്, യുഎഇ, ശ്രീലങ്ക എന്നിവയാണ് മോദി സന്ദര്‍ശിച്ച മറ്റ് രാജ്യങ്ങള്‍.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു പ്രധാനമന്ത്രിയുടെ ഒടുവിലത്തെ വിദേശയാത്ര. ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിലേക്കായിരുന്നു അത്. അതേ മാസം തന്നെ ആദ്യം തായ്ലന്‍ഡും മോദി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് 2020 ല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി വിദേശയാത്രകളില്‍ നിന്ന് വിട്ടുനിന്നു.ഈ യാത്രകള്‍ മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിച്ചുവെന്നും അന്താരാഷ്ട്ര വിഷയങ്ങള്‍ മനസിലാക്കാന്‍ സഹായിച്ചുവെന്നും വിദേശകാര്യമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

ജൂണ്‍ 2014 മുതല്‍ 2000 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്കായി ചെലവായതെന്നാണ് 2018 ഡിസംബറില്‍ സര്‍ക്കാര്‍ അറിയിച്ചത്. ചാര്‍ട്ടേഡ് വിമാനങ്ങളുടെ ചെലവ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, ഹോട്ട്ലൈന്‍ സൗകര്യങ്ങള്‍ക്കായുള്ള ചെലവ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഈ കണക്ക്.

അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന വി.കെ സിംഗ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,583.18 കോടി രൂപയാണ് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സിനായി മാത്രം ചെലവായത്. 429.25 കോടി രൂപയാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി വേണ്ടിവന്നത്. 9.11 കോടി രൂപയാണ് ഹോട്ട്ലൈന്‍ സൗകര്യങ്ങള്‍ക്കായി ചെലവഴിച്ചത്.

Related Articles

Back to top button