പുതുച്ചേരി: പുതുച്ചേരിയിലെ നാരായണസ്വാമി സര്‍ക്കാരിന്റെ ഭാവി ഇന്ന് അറിയാം. കോണ്‍ഗ്രസ്-ഡി.എം.കെ. എം.എല്‍.എമാരുടെ കൂട്ടരാജിക്കു പിന്നാലെയാണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ്-ഡി.എം.കെ. സര്‍ക്കാര്‍ ന്യൂനപക്ഷമായതും വിശ്വാസവോട്ടെടുപ്പിലേക്ക് കാര്യങ്ങളെത്തിയതും.
ഞായറാഴ്ച കോണ്‍ഗ്രസിലെയും ഡി.എം.കെയിലെയും മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും മറ്റ് മുതിര്‍ന്ന നേതാക്കളും കൂടിക്കാഴ്ച നടത്തുകയും തിങ്കളാഴ്ച നിയമസഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്തതായി മുഖ്യമന്ത്രി നാരായണസ്വാമി പറഞ്ഞു. സഭയില്‍ തങ്ങളുടെ തന്ത്രം വെളിപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനു പിന്നാലെ തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് പുതുച്ചേരിയുടെ അധിക ചുമതല വഹിക്കുന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എം.എല്‍.എമാരുടെ തുടര്‍ച്ചയായ രാജിക്കു പിന്നാലെ നാരായണസ്വാമി സര്‍ക്കാരിനെ സഭയില്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണം 12 ആയി ചുരുങ്ങി. അതേസമയം പ്രതിപക്ഷത്തിന് 14 അംഗങ്ങളുടെ പിന്തുണയുമുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മിനാരായണനും ഡി.എം.കെ. അംഗം വെങ്കിടേശനും ഞായറാഴ്ച രാജിസമര്‍പ്പിച്ചിരുന്നു. 33 അംഗ പുതുച്ചേരി നിയമസഭയില്‍ മൂന്നുപേര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്നാണ് നാരായണസ്വാമിയുടെയും സംഘത്തിന്റെയും വാദം.