BREAKING NEWSKERALA

കിഫ്ബി വിവാദം: സര്‍ക്കാര്‍ ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി

ന്യൂഡല്‍ഹി: കിഫ്ബി വിവാദത്തില്‍ സീനിയര്‍ അഭിഭാഷകനും ഭരണഘടന വിദഗ്ദ്ധനുമായ ഫാലി എസ്. നരിമാന്റെ നിയമോപദേശം സംസ്ഥാന സര്‍ക്കാര്‍ തേടി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെ സംബന്ധിച്ചാണ് നരിമാന്റെ നിയമോപദേശം തേടിയത്.
സര്‍ക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിര്‍മിച്ച് വിദേശ രാജ്യങ്ങളില്‍നിന്ന് ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച വിഷയത്തിലാണ് നിയമോപദേശം തേടിയതെന്നാണ് സൂചന.
കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹര്‍ജിയിലാണ് നിയമോപദേശം തേടിയത്. സംസ്ഥാന ധനവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിയമോപദേശം ആരാഞ്ഞത്. ഇതിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞ ദിവസം നരിമാന്റെ ഓഫീസിന് കൈമാറിയിരുന്നു.
ഭരണഘടനയുടെ 293 (1) അനുച്ഛേദവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലാണ് നിയമോപദേശം തേടിയതെന്നാണ് ധനകാര്യ മന്ത്രാലയ വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. വിദേശ വായ്പകള്‍ എടുക്കാന്‍ സംസ്ഥാനങ്ങളുടെ അധികാരം നിയന്ത്രിക്കുന്നതാണ് ഭരണഘടനയുടെ അനുച്ഛേദം 293 (1) വകുപ്പ്.
സാധാരണഗതിയില്‍ ഫാലി എസ്. നരിമാന്‍ ഡല്‍ഹിക്ക് പുറത്ത് ഹൈക്കോടതികളില്‍ ഹാജരാകാറില്ല. എന്നാല്‍, കിഫ്ബിക്ക് എതിരായ കേസില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫാലി എസ്. നരിമാനെ സര്‍ക്കാരിന് വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്നതിന്റെ സാധ്യതയും ആരായുന്നുണ്ടെന്ന് സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ പറയുന്നു.
കിഫ്ബി വായ്പകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സ്വദേശി ജാഗരണ്‍ മഞ്ച് നല്‍കിയ കേസും ഉടന്‍ തന്നെ കോടതിയുടെ പരിഗണനയ്ക്ക് വരുന്നതും സര്‍ക്കാര്‍ മുന്നില്‍ കാണുന്നു. ഈ പശ്ചാത്തലത്തില്‍ മുതിര്‍ന്ന അഭിഭാഷകരെ തന്നെ എത്തിച്ച് കേസ് നേരിടാനാണ് തീരുമാനം. ധനമന്ത്രി ഇക്കാര്യങ്ങളില്‍ എ.ജിയുമായി ചര്‍ച്ച നടത്തി. സിഎജിക്കെതിരെ രാഷ്ട്രീയ പ്രചരണം ശക്തമാക്കാന്‍ നേരത്തെ സിപിഎമ്മും തീരുമിച്ചിരുന്നു.

Related Articles

Back to top button