കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ പുതൂര്‍ കുളത്തുപാളയം ഭാഗത്ത് പോലീസ് രാത്രി പരിശോധന നടത്തുന്നതിനിടെ, കവര്‍ച്ച നടത്താന്‍ ഒരുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ 10 പേരെ അറസ്റ്റുചെയ്തു. അറസ്റ്റിലായവരില്‍ ബെംഗളൂരു ബോംബ് സ്ഫോടനക്കേസിലെ പ്രതി തടിയന്റവിടെ നസീറിന്റെ സഹോദരന്‍ ഷമാലും (46) ഉള്‍പ്പെടുന്നു. സംഘത്തിലെ ഒരാള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.
കാസര്‍കോട് സ്വദേശി മുഹമ്മദ് സിയാവുദീന്‍ (40), കാഞ്ഞങ്ങാട് സ്വദേശികളായ സുനില്‍ (45), സമീര്‍ (32), കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഹാലിം (47), തിരുപ്പൂര്‍ മംഗലം സ്വദേശികളായ സലിം മാലിക് (25), പര്‍സാദ് (25), കാങ്കയം സ്വദേശി മുഹമ്മദ് യാസിര്‍ (18), കര്‍ണാടക സ്വദേശി നൗഫില്‍ കാസിം ഷേഖ് (29), കോയമ്പത്തൂര്‍ ഉക്കടം സ്വദേശി മുഹമ്മദ് അനസ് (29) എന്നിവരാണ് കുനിയമുത്തൂര്‍ പോലീസ് അറസ്റ്റുചെയ്ത മറ്റുള്ളവര്‍.
ഇന്‍സ്പെക്ടര്‍ ഭാസ്‌കരന്‍, എസ്.ഐ. രാജ എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി പരിശോധന നടത്തുന്നതിനിടെ കുളത്തുപാളയം ഭാഗത്ത് സംഘം നില്‍ക്കുന്നതുകണ്ടു. ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് കിട്ടിയത്. സംശയം തോന്നിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കവര്‍ച്ചശ്രമം അറിയുന്നത്. ഇവരെ വ്യാഴാഴ്ച കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.
43 Less than a minute