LATESTOTHERSSPORTS

യുസ് ഓപ്പണ്‍ വനിതാ കിരീടം നവോമി ഒസാകയ്ക്ക്

യുഎസ് ഓപ്പണ്‍ വനിതാ ഫൈനലിലെ വീറുറ്റ പോരാട്ടത്തിനൊടുവില്‍ ജപ്പാന്‍ താരം നവോമി ഒസാകയ്ക്ക് വിജയം. സ്‌കോര്‍: 16,63,63. ഫൈനലില്‍ ബെലാറസ് താരം വിക്ടോറിയ അസരങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ഇരുപത്തിരണ്ടുകാരിയായ ഒസാകയുടെ മൂന്നാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണിത്.
26 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് യുഎസ് ഓപ്പണ്‍ വനിതാ ഫൈനലില്‍ ആദ്യ സെറ്റ് പരാജയപ്പെട്ട താരം കിരീടം നേടുന്നത്. 1994 ല്‍ സ്റ്റെഫി ഗ്രാഫിന് എതിരെ അരാന്‍ക്‌സ സാന്‍ഷേയാണ് 16,76(73),64 ന് വിജയിച്ചത്.
ഒരു മണിക്കൂര്‍ 53 മിനുട്ട് നീണ്ട വാശിയേറിയ പോരാട്ടമാണ് ആര്‍തെര്‍ ആഷെ സ്റ്റേഡിയത്തില്‍ മുന്‍ ഒന്നാം നമ്പര്‍ താരങ്ങള്‍ തമ്മില്‍ നടന്നത്. ആദ്യ സെറ്റ് അസരെങ്ക നിഷ്പ്രയാസം നേടിയപ്പോള്‍ രണ്ടാം സെറ്റ് തൊട്ട് ഒസാക കളിയിലെ താളം വീണ്ടെടുത്തു. ഒന്നാം സെറ്റില്‍ 61 നാണ് ഒസാക സെറ്റ് നഷ്ടമാക്കിയത്. ഊര്‍ജമില്ലാത്ത റിട്ടേണുകളായിരുന്നു ഒസാകയുടേത്. ആദ്യ സെറ്റില്‍ നേടിയ ഏക പോയിന!്‌റ് അസരെങ്കയുടെ പിഴവ് കൊണ്ട് ലഭിച്ചതും.
എന്നാല്‍ രണ്ടാം സെറ്റില്‍ കളി മാറി. എയ്‌സുകളും കനത്ത റിട്ടേണുകളും മാറി മാറി വന്ന ബ്രേക്ക് പോയിന്റുകളുമായി കളി കത്തിക്കയറി. രണ്ടാം സെറ്റിലും ഫൈനല്‍ സെറ്റിലും നിര്‍ണായകമായത് ബ്രേക്ക് പോയിന്റുകളാണ്. പന്ത്രണ്ട് ബ്രേക്ക് പോയിന്റുകളില്‍ 5 എണ്ണം ഒസാക നേടിയപ്പോള്‍ അസരെങ്കയുടേത് 5/10 ആയിരുന്നു.
ആറ് എയ്‌സുകളാണ് ഒസാക പറത്തിവിട്ടത്. അസരെങ്കയുടെ റാക്കറ്റില്‍ നിന്നും പിറന്നത് മൂന്ന് എയ്‌സുകള്‍. ആദ്യ സെറ്റില്‍ സമ്മര്‍ദ്ദമില്ലാതെ കളിച്ച അസരങ്കെ രണ്ടാം മത്സരത്തില്‍ ഒസാകയുടെ തിരിച്ചു വരവിന് മുന്നില്‍ അല്‍പ്പം പതറി. എങ്കിലും ഒസാകയ്ക്ക് നിസ്സാരമായി ജയിക്കാമായിരുന്ന അവസാന രണ്ട് സെറ്റുകള്‍ ബ്രേക്ക് പോയിന്റുകളിലൂടെ ഇല്ലാതാക്കി 31 കാരി മത്സരം കടുപ്പിച്ചു.
ഏഴ് വര്‍ഷത്തിന് ശേഷമാണ് അസരെങ്ക ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ എത്തുന്നത്. സെമിയില്‍ സെറീനയുടെ 24ാം ഗ്രാന്‍ഡ് സ്ലാം കിരീടം എന്ന സ്വപ്നവും തകര്‍ത്തായിരുന്നു അസരെങ്കയുടെ പടയോട്ടം.
ഇതിനു മുമ്പ് മൂന്ന് തവണ അസരെങ്കെഒസാക പോരാട്ടം നടന്നിട്ടുണ്ട്. ഇതില്‍ രണ്ട് തവണ വിജയം ഒസാകയ്‌ക്കൊപ്പമായിരുന്നു. ഒരു വട്ടം അസരെങ്കെ വിജയിച്ചു.
2018 ലെ ഒസാകയുടെ കന്നി യുഎസ് ഓപ്പണ്‍ കിരീട നേട്ടം ടെന്നീസ് പ്രേമികള്‍ മറന്നുകാണാന്‍ ഇടയില്ല. സെറീന വില്യംസിനെ അട്ടിമറിച്ചാണ് അന്ന് ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ആദ്യ ജാപ്പനീസ് താരമെന്ന നേട്ടം ഒസാക സ്വന്തമാക്കിയത്. വിവാദങ്ങളും നാടകീയ രംഗങ്ങളും അരങ്ങേറിയ ഫൈനലില്‍ അമ്പയറോട് തര്‍ക്കിച്ച സെറീനയേയാണ് ഓര്‍മയില്‍ ആദ്യം എത്തുക.
സെറീനയ്‌ക്കെതിരായ അമ്പയറുടെ നടപടികള്‍ കൂവലോടെയാണ് ആര്‍തെര്‍ ആഷെയിലെ 24,000 ഓളം വരുന്ന കാണികള്‍ സ്വീകരിച്ചത്. മത്സര ശേഷം ആരാധകരുടെ അമര്‍ഷം ഒസാകയ്ക്ക് നേരേയും തിരിഞ്ഞു. ഒസാകയ്ക്ക് നേരെ കൂവിയ കാണികളോട് ആദ്യ ഗ്രാന്‍ഡ്സ്ലാം നേടിയ താരത്തെ കൂവലോടെയല്ല സ്വീകരിക്കേണ്ടത് എന്നായിരുന്നു ചേര്‍ത്തു പിടിച്ച് സെറീനയുടെ വാക്കുകള്‍.
രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കൂവലിന് പകരം കാണികളുടെ ആര്‍പ്പുവിളിയില്ലാതെ നിശബ്ദമായ സ്റ്റേഡിയത്തില്‍ ഒസാക വീണ്ടും കിരീടമുയര്‍ത്തി.

Related Articles

Back to top button