മലയാള സിനിമാ പ്രേക്ഷകര്‍ എക്കാലവും മനസില്‍ ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ കൊണ്ട് അത്ഭുതപ്പെടുത്തിയ താരമാണ് നവ്യ നായര്‍. കുറെ നാളുകളായി സിനിമയില്‍ സജീവമല്ലാത്ത താരം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരികയാണ്. സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ ഷോകളിലും അവാര്‍ഡ് പരിപാടികളിലും താരം പങ്കെടുക്കാറുണ്ട്. 2001ല്‍ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.നവ്യയുടെ വാക്കുകള്‍; വലിയ വിമര്‍ശനങ്ങള്‍ ഒന്നും കേട്ടിട്ടില്ല. മേക്കപ്പിന്റെ കാര്യത്തില്‍ മാത്രമേ പഴി കേട്ടിട്ടുള്ളു. ഒരുപാട് മേക്കപ്പ് ഇടുന്നയാളല്ല. നിര്‍ഭാഗ്യവശാല്‍ മേക്കപ്പ് ഇടാന്‍ അറിയുകയുമില്ല. പാണ്ടിപ്പട എന്ന സിനിമയുടെ സമയത്ത് ആളുകള്‍ പറഞ്ഞിട്ടുണ്ട് ചില സീനുകളിലും പാട്ടിലുമെല്ലാം മേക്കപ്പ് മോശമായിരുന്നു എന്ന്. അത് എന്റെ മേക്കപ്പിന്റെ കുഴപ്പം ആയിരുന്നില്ല. അതിനെ കുറിച്ചു അന്ന് ശെരിയായ ധാരണ ഇല്ലായിരുന്നു.
അന്ന് സോഷ്യല്‍ മീഡിയ ഇല്ലാത്തത് കൊണ്ട് അങ്ങനെ ആരും വിമര്‍ശിച്ചു കുളമാക്കിയില്ല. പിന്നെ ഒരു പ്രോഗ്രാമിന് ചെന്നപ്പോള്‍ മേക്കപ്പ് കൂടിപോയെന്നു പറഞ്ഞു ട്രോളൊക്കെ വന്നിരുന്നു. അതിലെനിക്ക് വിഷമം തോന്നിയില്ല. കുറച്ചു കൂടെ ശ്രദ്ധിക്കാമെന്നു തോന്നിയില്ല. മേക്കപ്പ് ഇത്തിരി കുറഞ്ഞു പോയാലും സാരമില്ല കൂടരുത് എന്നേയുള്ളു ഇപ്പോള്‍. നവ്യ പറഞ്ഞു.