മുംബൈ: മുന്നണി മാറ്റത്തെ ചൊല്ലി മന്ത്രി എ.കെ. ശശീന്ദ്രനും ടി.പി. പീതാംബരനും രണ്ടുചേരിയില്‍ ആയതോടെ എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേക്ക്. എന്‍.സി.പിയിലെ സംഘടനാപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പവാര്‍ കേരളത്തിലെത്തുന്നത്. ഇരുവിഭാഗം നേതാക്കളുമായും പവാര്‍ കൂടിക്കാഴ്ച നടത്തും.
മുന്നണിമാറ്റം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പവാറിന്റെ വരവ്. ഇരുവിഭാഗം നേതാക്കളുമായും ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിലേക്ക് എത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇന്നലെ മന്ത്രി എ.കെ. ശശീന്ദ്രനും ഇന്ന് മാണി സി. കാപ്പനും ടി.പി. പീതാംബരനും പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്നണി മാറുന്ന പക്ഷം എന്‍.സി.പിയില്‍ പിളര്പ്പുണ്ടായേക്കുമെന്നാണ് ഈ കൂടിക്കാഴ്ചകള്‍ വ്യക്തമാക്കുന്നത്.
നിലവിലെ സംസ്ഥാന രാഷ്ട്രീയം, പ്രത്യേകിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം എല്‍.ഡി.എഫിന് അനുകൂലമാണെന്നാണ് ഇന്നലത്തെ കൂടിക്കാഴ്ചയില്‍ ശശീന്ദ്രന് പവാറിനെ അറിയിച്ചിട്ടുള്ളത്. അതിനാല്‍ പാലാ എന്ന ഒറ്റ സീറ്റിന്റെ പേരില്‍ മുന്നണി മാറുന്നത് വലിയ തിരിച്ചടി എന്‍.സി.പിക്ക് ഉണ്ടാക്കിയേക്കുമെന്നും ശശീന്ദ്രന് പവാറിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പവാര്‍ കേരളത്തിലേക്ക് വരുന്നത്.
ശനിയാഴ്ചയോ ഞായറാഴ്ചയോ പവാര്‍ കേരളത്തിലെത്തുമെന്നാണ് ലഭ്യമായ വിവരം. ശേഷം സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. അതിനുശേഷം ഇരുവിഭാഗം നേതാക്കളുമായും ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയ്ക്കു ശേഷമേ മുന്നണി മാറ്റം സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാവുകയുള്ളൂ. ഇനി ഈ യോഗത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ മുംബൈയില്‍ മടങ്ങിയെത്തിയതിനു ശേഷം പവാര്‍ തീരുമാനം അറിയിക്കും.
എല്‍.ഡി.എഫില്‍ നില്ക്കുകയാണെങ്കില് നാലു സീറ്റുകളും തങ്ങള്‍ക്ക് ലഭിക്കില്ലെന്നാണ് മാണി സി. കാപ്പനും പീതാംബരനും പവാറിനെ അറിയിച്ചിട്ടുള്ളത്. ശരത് പവാര്‍ തങ്ങള്‍ക്കൊപ്പമാണെന്നും സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ടി.പി. പീതാംബരന് പറഞ്ഞിരുന്നു.