കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സിനെ കൊച്ചിയില്‍ എത്തിച്ചു. നേരത്തെ യു.എ.ഇയില്‍ പിടിയിലായ റബിന്‍സിനെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കാനായി എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളാണ് മൂവാറ്റുപുഴ സ്വദേശിയായ റബിന്‍സ്. യു.എ.ഇ. കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് ഇടപാടുകള്‍ക്ക് നേതൃത്വം നല്കിയതും ഇയാളായിരുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതോടെയാണ് റബിന്സിലേക്കും അന്വേഷണം നീണ്ടത്. തുടര്‍ന്ന് യു.എ.ഇ. ഭരണകൂടം ഇയാളെ അറസ്റ്റ് ചെയ്തു. കുറ്റവാളികളെ കൈമാറുന്ന ഉടമ്പടി പ്രകാരമാണ് യു.എ.ഇ. റബിന്‍സിനെ ഇന്ത്യയിലേക്ക് നാടുകടത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതികളിലൊരാളായ ഇയാളെ നാട്ടിലെത്തിക്കുക എന്നത് അന്വേഷണ ഏജന്‍സികളുടെ പ്രധാന കടമ്പയായിരുന്നു.
എയര്‍ഇന്ത്യ വിമാനത്തില്‍ വൈകിട്ട് 4.25ഓടെയാണ് റബിന്‍സ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇവിടെത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു ഇയാളെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫൈസല്‍ ഫരീദ് അടക്കമുള്ള അഞ്ച് പേരാണ് യു.എ.ഇയില്‍ അറസ്റ്റിലായത്. ഇവരെയും വൈകാതെ നാട്ടിലെത്തിക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.