ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ ഇടുക്കി മുന്‍ എസ്പി കെ ബി വേണുഗോപാലിന് സിബിഐയുടെ നോട്ടീസ്. ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതിനെപ്പറ്റി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നെന്ന് സാക്ഷിമൊഴികളുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു. കസ്റ്റഡി കൊലപാതകം തടയേണ്ട ഉത്തരവാദിത്വം എസ്പിക്കുണ്ടായിരുന്നു. ചോദ്യം ചെയ്ത ശേഷം തെളിവ് ലഭിച്ചാല്‍ നിയമ പ്രകാരമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും സിബിഐ അറിയിച്ചു. കെ ബി വേണുഗോപാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് വാഗമണ്‍ സ്വദേശിയായ രാജ് കുമാര്‍ പീരുമേട് ജയിലില്‍ വച്ച് മരിച്ചത്. സംഭവത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ അടക്കം നാല് പൊലീസുകാര്‍ അറസ്റ്റിലാവുകയും ചെയ്തു. കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്.