BREAKINGKERALA
Trending

‘ഒറ്റപ്പെട്ടസംഭവങ്ങളുടെ പേരില്‍ നീറ്റ് പരീക്ഷാഫലം റദ്ദാക്കരുത്’; മലയാളി വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: 2024-ലെ നീറ്റ് പരീക്ഷാഫലം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. പരീക്ഷയില്‍ 660-ല്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. 655-ല്‍ അധികം മാര്‍ക്ക് കരസ്ഥമാക്കിയ 472 വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കാനാണ് തങ്ങള്‍ കോടതിയെ സമീപിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കക്ഷിചേരാനാണ് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയത്. പരീക്ഷ റദ്ദാക്കരുതെന്നും തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ ആണ് നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നത്. ഈ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പരീക്ഷാഫലം റദ്ദാക്കരുതെന്നാണ് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം. കേരളം ഉള്‍പ്പടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷയില്‍ മികച്ച മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെല്ലാം ക്രമക്കേട് നടത്തിയവരാണെന്ന് കരുതാനാകില്ല. ചില വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയാത്ത ചിലരാണ് പുതിയ പരീക്ഷ നടത്തണമെന്ന ആവശ്യത്തിന് പിന്നില്‍. മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയാത്ത കോച്ചിങ് സ്ഥാപനങ്ങളും പുതിയ പരീക്ഷ എന്ന ആവശ്യത്തിന് പിന്നിലുണ്ട്. അഭിഭാഷകനായ ബിജോ മാത്യു ജോയിയാണ് വിദ്യാര്‍ത്ഥികളുടെ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്.
വിദേശ സര്‍വകലാശാലകളും മെഡിക്കല്‍ കോളേജുകളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോഴത്തെ പരീക്ഷാ ഫലം റദ്ദാക്കിയ ശേഷം പുനഃപരിശോധന നടത്തി പുതിയ പട്ടിക തയ്യാറാക്കുമ്പോഴേക്കും വിദേശ രാജ്യങ്ങളിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കക്ഷിചേരല്‍ അപേക്ഷ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും.

Related Articles

Back to top button