ദില്ലി: നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ റീ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. exams.nta.ac.in/NEET എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫലമറിയാം.
പരീക്ഷാ സമയം നഷ്ടമായെന്ന് പറഞ്ഞാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. ഇത് വിവാദമായതോടെയാണ് വീണ്ടും പരീക്ഷ നടത്തിയത്. 1563 വിദ്യാര്‍ത്ഥികളില്‍ 813 പേര്‍ വീണ്ടും പരീക്ഷയെഴുതി. ആറ് നഗരങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തിയത്.
വീണ്ടും പരീക്ഷ എഴുതിയ 813 പേരില്‍ ആര്‍ക്കും 720/720 മാര്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ 67 പേര്‍ക്കാണ് മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നത്. വീണ്ടും പരീക്ഷ എഴുതിയവരില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ അഞ്ച് പേരുണ്ടായിരുന്നു. ടോപ്പര്‍മാരില്‍ മറ്റൊരാള്‍ റീടെസ്റ്റ് എഴുതിയില്ല. ഇതോടെ ടോപ്പര്‍മാരുടെ എണ്ണം 67ല്‍ നിന്ന് 61 ആയി കുറഞ്ഞു.
ഛത്തീസ്ഗഡില്‍ നിന്ന് 602 പേരില്‍ 291 പേരും ഹരിയാനയില്‍ നിന്ന് 494 പേരില്‍ 287 പേരും മേഘാലയയിലെ ടുറയില്‍ നിന്ന് 234 പേരും ഗുജറാത്തില്‍ നിന്ന് 1 വിദ്യാര്‍ത്ഥിയും വീണ്ടും പരീക്ഷയെഴുതി. ചണ്ഡീഗഢില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികളില്‍ ആരും വീണ്ടും പരീക്ഷ എഴുതിയില്ല. വീണ്ടും പരീക്ഷ എഴുതാത്തവരുടെ ഗ്രേസ് മാര്‍ക്ക് കുറച്ചുള്ള സ്‌കോര്‍ ആണ് പരിഗണിക്കുക. ജൂണ്‍ 23-നാണ് റീടെസ്റ്റ് നടത്തിയത്.
67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിക്കുകയും കുറച്ചുപേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുകയും ചെയ്തതോടെയാണ് നീറ്റ് യുജി പരീക്ഷ വിവാദമായത്. തുടര്‍ന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തി. ഈ കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജൂലൈ 8 ന് സുപ്രീംകോടതി പരിഗണിക്കും. നീറ്റ് വിഷയം രാഹുല്‍ ഗാന്ധി ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും.
1,168 1 minute read