ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷാ ഫലം റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുഴുവന്‍ പരീക്ഷാഫലവും റദ്ദാക്കുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നീറ്റ് ഫലം റദ്ദാക്കണമെന്ന വിവിധ ഹര്‍ജികള്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ സംബന്ധിച്ച വിവാദം ഉണ്ടായിരിക്കുന്നത് ചില സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ മാത്രമാണെന്നും അതുകൊണ്ടുതന്നെ മൊത്തം പരീക്ഷ റദ്ദാക്കുന്നത് പ്രായോഗികമാകില്ലെന്നുമാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നത്.
പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്നതിനും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷാഫലം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നടക്കമുള്ള നിരവധി ഹര്‍ജികളാണ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കുക. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളടക്കമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ വിദ്യാര്‍ഥികളുടെ വാദംകൂടി പരിഗണിച്ചാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
109 Less than a minute