LIFE STYLELATEST

ഭാര്യയുടെ ‘ഉടക്ക്’ മാറ്റാന്‍ ഒരു ഉടായിപ്പ് ഐഡിയ ഉണ്ട്? അറിയണോ

ഇണക്കവും പിണക്കവും എല്ലാം കൂടെ ചേരുമ്പോഴാണ് വിവാഹ ജീവിതം രസകരമാവുന്നത്. ഇടയ്ക്ക് ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ അടികൂടുമ്പോള്‍ ചിലപ്പോള്‍ ഭര്‍ത്താവാകും ആദ്യം സംസാരിക്കാന്‍ ശ്രമിക്കുക. ചിലപ്പോള്‍ ഭാര്യയും. എന്തായാലും യൂട്യൂബില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന വീഡിയോയിലെ കക്ഷി ഒരല്പം ഉടായിപ്പ് പാര്‍ട്ടിയാണ്. അടികൂടി പിണങ്ങി മിണ്ടാതിരിക്കുന്ന ഭാര്യയോട് അങ്ങോട്ട് ചെന്ന് സംസാരിക്കാന്‍ അല്ല മറിച്ച് ഭാര്യയെ എങ്ങനെ തന്നോട് സംസാരിക്കുക നിര്‍ബന്ധിതയാക്കും എന്നാണ് ഈ വിദ്വാന്‍ ഗവേഷണം നടത്തിയത്.
‘ഐ ഹാവ് എ പ്ലാന്‍’ (എനിക്കൊരു പദ്ധതിയുണ്ട്) എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയില്‍ ബാത്ത്‌റൂം ടോയ്‌ലറ്റിലേക്ക് വെള്ളത്തിന്റെ വാല്‍വ് അടക്കുന്നതും, ടെലിവിഷന്‍ റിമോട്ടിലെ ബാറ്ററികള്‍ തിരിച്ചു വയ്ക്കുന്നതും, അടുക്കളയിലെ ഏറ്റവും ഉയര്‍ന്ന ഷെല്‍ഫിലേക്ക് പാചകം ചെയ്യാനാവശ്യമായ പത്രങ്ങള്‍ കയറ്റിയ വയ്ക്കുന്നതും കാണാം. ഉദ്ദേശം ലളിതം, ഇത്തരം കാര്യങ്ങളില്‍ പ്രാവീണ്യമില്ലാത്ത ഭാര്യ വേറെ വഴിയില്ലാതെ സംസാരിക്കാനെത്തും. 5 അടി 2 ഇഞ്ച് ഉയരമുള്ള ഭാര്യക്ക് പാചകം ചെയ്യാനാവശ്യമായ പത്രങ്ങള്‍ എടുക്കാന്‍ ഭര്‍ത്താവിന്റെ സഹായം വേണ്ടി വരും. എങ്ങനെയുണ്ട് കാഞ്ഞ ബുദ്ധി?
കഴിഞ്ഞില്ല, സ്മാര്‍ട്ട് ടിവിയിലെ ഭാഷ ഇംഗ്ലീഷില്‍ നിന്നും സ്പാനിഷിലേക്ക് മാറ്റുന്നതും (ഭാര്യയ്ക്ക് ഇംഗ്ലീഷ് മാത്രമേ അറിയൂ), കോഫി മെഷീനിലേക്കുള്ള പവര്‍ കേബിള്‍ ഊരിയിടുന്നതും, ഭാര്യയുടെ ഫോണിലെ വൈഫൈ സെറ്റിംഗ്‌സ് മാറ്റിയിടുന്നതും ഫ്രിഡ്ജിലുള്ള പല കുപ്പികളുടെയും മൂടികള്‍ മുറുക്കി അടക്കുന്നതും വിഡിയോയില്‍ കാണാം. ലക്ഷം മറ്റൊന്നുമല്ല, ഇത്തരം സാഹചര്യങ്ങളില്‍ ഭാര്യയ്ക്ക് മറ്റൊരാളുടെ സഹായം വേണം. അപ്പോള്‍ സ്വാഭാവികമായും ഭര്‍ത്താവിനോട് സംസാരിക്കാന്‍ നിര്‍ബന്ധിതയാവും. വീഡിയോയുടെ അവസാനം ഇതെല്ലം ഒപ്പിച്ചു വച്ച താന്‍ ഇനി മിണ്ടാതെ ഇരിക്കും എന്നും ഭാര്യ സഹായത്തിനായി തന്നെ വിളിക്കും എന്നാണ് പ്രതീക്ഷ എന്നും പറയുന്നുണ്ട്.
ഭാര്യയോട് സംസാരിക്കാനുള്ള ഭര്‍ത്താവിന്റെ ഉടായിപ്പ് ഐഡിയ ചിലരില്‍ മതിപ്പുളവാക്കിയപ്പോള്‍ മറ്റു ചിലര്‍ ഇത് പ്രതീക്ഷിച്ച ഫലം നല്‍കിയേക്കില്ല എന്ന് വ്യക്തമാക്കുന്നു. ‘ഞാനും എന്റെ ഭാര്യയുമായി അടികൂടി. ഇതേ ട്രിക്ക് ഞാനും പരീക്ഷിച്ചു. അവള്‍ ചെയ്തതെന്തെന്നോ? ഒരു പുതിയ ടിവി വാങ്ങി, ടോയ്‌ലറ്റ് ആളെ വിളിച്ചു വരുത്തി ശെരിയാക്കി, പാചകം ചെയ്യാന്‍ പുതിയ പത്രങ്ങള്‍ വാങ്ങി. എന്നോട് മിണ്ടിയതും ഇല്ല,’ ഒരാള്‍ വീഡിയോയ്ക്ക് കീഴെ കുറിച്ചു. ‘അവള്‍ തീര്‍ച്ചയായും നിങ്ങളോട് സംസാരിക്കാന്‍ തുടങ്ങും… വിവാഹമോചന പത്രത്തില്‍ എവിടെ ഒപ്പിടണം എന്ന് കാണിച്ചു തരാന്‍,’ മറ്റൊരാള്‍ എഴുതി.

Related Articles

Back to top button