BREAKINGKERALA
Trending

ഹാരിസ് ബീരാന്‍, പിപി സുനീര്‍, ജോസ് കെ മാണി എന്നിവര്‍ രാജ്യസഭാ അംഗങ്ങള്‍, തെരഞ്ഞെടുപ്പ് എതിരില്ലാതെ

ദില്ലി: മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാന്‍, പിപി സുനീര്‍, ജോസ് കെ മാണി എന്നിവര്‍ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതല്‍ പേര്‍ പത്രിക നല്‍കാത്തതിനാല്‍ വോട്ടെടുപ്പ് ഇല്ലാതെയാണ് ഇവര്‍ തെരെഞ്ഞെടുക്കപ്പെട്ടത്.

ഹാരിസ് ബീരാന്‍

എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 2011 മുതല്‍ ദില്ലി കെഎംസിസിയുടെ പ്രസിഡന്റ്, ലോയേഴ്സ് ഫോറം ദേശീയ കണ്‍വീനര്‍, മുസ്ലിം ലീഗ് ഭരണഘടനാ സമിതി അംഗം കൂടിയാണ്. പൗരത്വ നിയമഭേദഗതി ഉള്‍പ്പടെയുള്ള പാര്‍ട്ടിയുടെ മുഴുവന്‍ കേസുകളും ദില്ലി കേന്ദ്രീകരിച്ചു സുപ്രീംകോടതിയില്‍ ഏകോപിപ്പിക്കുന്നത് ഹാരിസ് ബീരാനാണ്. പല സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേസുകള്‍ നടത്തി ശ്രദ്ധേയമായി. ദില്ലി കേന്ദ്രീകരിച്ചു പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതില്‍ ഹാരിസ് ബീരാന് നല്ല പങ്കുണ്ട്. പുതുതായി ദില്ലിയില്‍ ഉയരുന്ന മുസ്ലിം ലീഗ് ദേശിയ ആസ്ഥാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതും ഹാരിസ് ബീരാനാണ്.

പിപി സുനീര്‍

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമായിരുന്നു പിപി സുനീറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. പൊന്നാനി സ്വദേശിയായ സുനീര്‍ സിപിഐ സംസ്ഥാന അസി സെക്രട്ടറിയാണ്. നിലവില്‍ ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്‍മാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ കാനം രാജേന്ദ്രന്റെ വിശ്വസ്ഥനായിരുന്ന സുനീര്‍ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജോസ് കെ മാണി

സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കി വിട്ടുവീഴ്ച ചെയ്തതോടെ ആണ് ജോസ് കെ മാണിക്ക് രാജ്യസഭയിലേക്ക് വാതില്‍ തുറന്നത്. ഒഴിവുള്ള മൂന്ന് സീറ്റില്‍ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റായിരുന്നു. അതില്‍ ഒന്നിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ മത്സരപ്പിച്ചത്. നേരത്തെ കോട്ടയം ലോക്‌സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായ ജോസ് കെ. മാണി കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണു മുഖ്യാധാര രാഷ്ട്രീയത്തിലേക്കു കടന്നു വരുന്നത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button