തിരുവനന്തപുരം: സാങ്കേതിക വിദഗ്ധരെയും കൂട്ടി ചൊവ്വാഴ്ച സെക്രട്ടേറിയറ്റിലെത്തിയ എന്‍.ഐ.എ. സംഘം ക്യാമറാ ദൃശ്യങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്. സെര്‍വര്‍ റൂമില്‍ സൂക്ഷിച്ചിട്ടുള്ള ദൃശ്യങ്ങള്‍ മായ്ക്കാനോ പകരം ദൃശ്യങ്ങള്‍ പകര്‍ത്താനോ ഉള്ള സാധ്യത എന്‍.ഐ.എ. തള്ളിക്കളയുന്നില്ല. വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറാ ദൃശ്യങ്ങള്‍ ഒത്തുനോക്കി ക്രമക്കേടുകള്‍ കണ്ടെത്താനാകും. ദൃശ്യങ്ങളുടെ തുടര്‍ച്ചയാണ് ഈവിധത്തില്‍ പരിശോധിക്കുന്നത്.
ഇടനാഴിയില്‍ക്കൂടി നടന്നുപോകുന്ന ഒരു വ്യക്തിയുടെ ദൃശ്യം ആ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഒന്നിലധികം ക്യാമറകളില്‍ പതിയും. ഒരു ക്യാമറയുടെ റെക്കോഡിങ്മാത്രം മാറ്റിയാല്‍ അതിലെ ദൃശ്യങ്ങള്‍ മറ്റുള്ളവയുമായി ചേരില്ല. ദൃശ്യങ്ങളുടെ തുടര്ച്ചാപരിശോധനയിലൂടെയാണ് ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തുന്നത്. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടം മുതല്‍ ഉള്ളിലേക്കെല്ലാം തുടര്‍ച്ചയായി ക്യാമറകള്‍ ഉള്ളതിനാല്‍ എല്ലാത്തിലും മാറ്റംവരുത്തുക ബുദ്ധിമുട്ടാണ്. ദൃശ്യങ്ങള്‍ നശിപ്പിക്കാനാണ് പിന്നീട് സാധ്യതയുള്ളത്.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പുറമേ മറ്റുപല ഉന്നതരെയും കാണാന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും സെക്രട്ടേറിയറ്റില്‍ എത്തിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ ഹാര്‍ഡ് ഡിസ്കുകള്‍ അടക്കം പിടിച്ചെടുത്ത് ഫൊറന്‍സിക് പരിശോധന നടത്തുകയാണ് പതിവ്. എന്നാല്‍ സെക്രട്ടേറിയറ്റില്‍ ഉപയോഗിക്കുന്ന സംഭരണശേഷികൂടിയ ഹാര്‍ഡ് ഡിഡ്സുകള് പിടിച്ചെടുക്കുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തേണ്ടിവരും. ഒരുവര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ഉയര്‍ന്ന സംഭരണ ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക് കിട്ടാനില്ലെന്നാണ് പൊതുഭരണവകുപ്പ് പറയുന്നത്.