കോഴിക്കോട്: നിപ സ്ഥിരീകരിച്ച മലപ്പുറം, പാണ്ടിക്കാട്, ചെന്പ്രശ്ശേരിയിലെ പതിന്നാലുകാരനെ പ്രവേശിപ്പിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡൊരുക്കിയത് ചുറ്റിക ഉപയോഗിച്ച് പൂട്ടുപൊളിച്ച്. സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടിയെ കൊണ്ടുവന്നശേഷം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കാന്‍ അരമണിക്കൂറാണ് ആംബുലന്‍സില്‍ കാത്തിരിക്കേണ്ടിവന്നത്.
മെഡിക്കല്‍കോളേജില്‍ കുട്ടിയെ പ്രവേശിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്ചയാണ് ഐസൊലേഷന്‍ വാര്‍ഡൊരുക്കുന്നത് താമസിപ്പിച്ചത്. കുട്ടിയെ മാറ്റുന്നതിനായി മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് അറിയിപ്പ് ലഭിക്കാന്‍ വൈകിയതും കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയുടെ (കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്.) നിസ്സഹകരണവുമാണ് കാലതാമസം ഉണ്ടാക്കിയത്.
ഐസൊലേഷന്‍ വാര്‍ഡാക്കിയ കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന്റെ പേവാര്‍ഡ് സജ്ജീകരിക്കാനാണ് താമസമുണ്ടായത്. ആദ്യം പോവാര്‍ഡിലെ ആളുകളെ ഒഴിപ്പിച്ചു. തുടര്‍ന്ന് കെ.എച്ച്.ആര്‍.ഡബ്ല്യു.എസില്‍നിന്ന് പേവാര്‍ഡിലെ ഐസൊലേഷന്‍ മുറിയുടെ താക്കോല്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ചുറ്റിക ഉപയോഗിച്ച് പൂട്ടുപൊളിക്കേണ്ടിവരുകയായിരുന്നു. കോവിഡ് കാലത്തിനുശേഷം മാസങ്ങളായി പൂട്ടിക്കിടന്ന ഐസൊലേഷന്‍ വാര്‍ഡ് പിന്നീടാണ് വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കിയത്. മെഡിക്കല്‍ കോളേജിലെ ശുചീകരണത്തൊഴിലാളികളും ജീവനക്കാരും ഒത്തൊരുമിച്ച് ശ്രമിച്ചതിനാലാണ് കാലതാമസം കുറയ്ക്കാന്‍ സാധിച്ചത്.
അടിയന്തര സാഹചര്യത്തില്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. വരുത്തിയ അലംഭാവമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഐസൊലേഷന്‍ വാര്‍ഡാക്കുന്നതോടെ വരുമാന നഷ്ടമുണ്ടാകുമെന്നതാണ് കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന്റെ നിസ്സഹകരണത്തിന് കാരണമായത്. ഇവര്‍ക്കുകീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് തന്നെയാണ്. എന്നാല്‍ നിപ, കോവിഡ് തുടങ്ങിയ അസുഖങ്ങള്‍ വരുമ്പോഴെല്ലാം ഇവിടത്തെ പേവാര്‍ഡിലുള്ളവരെ ഒഴിപ്പിക്കുകയും ഐസൊലേഷന്‍ വാര്‍ഡാക്കി ഉപയോഗിക്കുകയും ചെയ്യുന്നതാണ് കെ.എച്ച്.ആര്‍.ഡബ്ല്യു.എസിനെ ചൊടിപ്പിച്ചത്. വരുമാനനഷ്ടമുണ്ടാകുന്നതോടെ ശമ്പളം കൊടുക്കാന്‍പോലും പ്രയാസമാകുന്നതാണ് കാരണം.
എന്നാല്‍ ഇവര്‍ താക്കോല്‍ തരാന്‍ തയ്യാറാവാതിരുന്നിട്ടും തിരുവനന്തപുരത്തുനിന്ന് ആരോഗ്യവകുപ്പധികൃതര്‍ ഇടപെടാന്‍ തയ്യാറാവാതിരുന്നതും സമയനഷ്ടമുണ്ടാക്കി. ഒടുവില്‍ പൂട്ട് പൊളിക്കുകയായിരുന്നു.
ഇതുകാരണം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ മൂന്നുമണിക്കൂറോളം പി.പി.ഇ. കിറ്റിട്ട് ഇരിക്കേണ്ട സാഹചര്യവുമുണ്ടായി. രോഗബാധിതനായ കുട്ടിയോടൊപ്പം കൊണ്ടുവന്ന ബന്ധുക്കളും മറ്റൊരു ആംബുലന്‍സില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു. മുന്നറിയിപ്പ് കൃത്യമായി നല്‍കാത്തതിനാല്‍ മെഡിക്കല്‍ കോളേജിലെ മറ്റു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാകാത്ത സ്ഥിതിയുമുണ്ടായി. ചിലര്‍ കാര്യമറിയാനായി മാസ്‌ക് ധരിക്കാതെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് എത്തുകയുംചെയ്തു. കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കുമുന്‍പാണ് നിപ വാര്‍ഡിന്റെ ബോര്‍ഡ് വെച്ചത്.
45 1 minute read