ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളെയും ജനുവരി 29 ന് അഭിസംബോധന ചെയ്യും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇത്തവണ രണ്ട് ഘട്ടങ്ങളായാവും നടക്കുക. രാഷ്ട്രപതിയുടെ അഭിസംബോധനയോടെ ജനുവരി 29 ന് തുടങ്ങുന്ന ഒന്നാംഘട്ടം ഫെബ്രുവരി 15 ന് അവസാനിക്കും. രണ്ടാംഘട്ടം മാര്‍ച്ച് എട്ടിന് തുടങ്ങി ഏപ്രില്‍ എട്ടിന് അവസാനിക്കു.
പാര്‍ലമെന്ററികാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഓരോ ദിവസവും നാല് മണിക്കൂര്‍ വീതമാവും സഭ ചേരുക.
കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാവാനാണ് സാധ്യത. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു. ശൈത്യകാല സമ്മേളനം റദ്ദാക്കുന്നതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചുവെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവകാശപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുമായി കൂടിയാലോചന നടത്തിയല്ല സമ്മേളനം റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് പിന്നീട് ആരോപിച്ചിരുന്നു.
കര്‍ഷക പ്രക്ഷോഭം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് സമ്മേളനം റദ്ദാക്കിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. കര്‍ഷകരുടെ പ്രശ്നം കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ ഉന്നയിക്കുകയും പരിഹാരം കാണുകയും ചെയ്യേണ്ടതുണ്ട്. കൊടും തണുപ്പ് സഹിച്ച് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് കരുതുന്നതെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു.
17 ലോക്സഭാംഗങ്ങള്‍ക്കും എട്ട് രാജ്യസഭാംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കേണ്ടി വന്നിരുന്നു.
**