ന്യൂഡല്‍ഹി: ബിഹാറിലെ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് സൗജന്യമായി ലഭ്യമാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനത്തെ ന്യായീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. അധികാരത്തില്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും പ്രഖ്യാപിക്കാം. അതില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.
സൗജന്യ കോവിഡ് വാക്സിന് വാഗ്ദാനത്തെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് വിശദീകരണം. ‘പ്രകടന പത്രികയിലെ വാഗ്ദാനമാണത്. അധികാരത്തില്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് പാര്‍ട്ടികള്‍ക്ക് വാഗ്ദാനം ചെയ്യാം. അതാണ് പ്രഖ്യാപിച്ചത്. ആരോഗ്യം സംസ്ഥാന വിഷയമാണ്. അതിനാല്‍ പ്രഖ്യാപനത്തില്‍ ക്രമവിരുദ്ധമായത് ഒന്നുമില്ലെന്നും ധനമന്ത്രി അവകാശപ്പെട്ടു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. കോവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് ബിഹാറിലെ എന്‍ഡിഎ സര്‍ക്കാര്‍ കാഴ്ചവച്ചതെന്ന് പ്രകടന പത്രികയില്‍ അവകാശപ്പെട്ടിരുന്നു. കോവിഡ് വാക്സിന് ഐസിഎംആറിന്റെ അംഗീകാരത്തോടെ വിതരണത്തിന് തയ്യാറായാല്‍ ബിഹാറിലെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ വാക്സിന് ലഭ്യമാക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
മഹാമാരിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് വാക്സിന് സൗജന്യമായി ലഭിക്കില്ലേ എന്ന ചോദ്യവും ഉയര്‍ന്നു. വാക്സിന് രാജ്യത്തിന്റേതാണ്. ബിജെപിയുടേതല്ല. ജനങ്ങളുടെ ഭയം മുതലെടുത്ത് വോട്ട് തേടേണ്ടിവരുന്നത് ബിജെപിക്ക് മുന്നില്‍ മറ്റൊരുവഴിയും ഇല്ലാത്തതിനാലാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രകടന പത്രികയില്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത്.