BREAKING NEWSNATIONAL

അപ്രമാദിത്വം നഷ്ടമായ നിതീഷ് രാഷ്ട്രീയം

ബിഹാര്‍ പിടിച്ചെടുത്തെങ്കിലും രണ്ട് പതിറ്റാണ്ടിലധികമായി ബീഹാര്‍ രാഷ്ട്രീയത്തിലുണ്ടായിരുന്ന അപ്രമാദിത്വം ഈ തെരഞ്ഞെടുപ്പോടെ നിതീഷ് കുമാറിന് നഷ്ടമായിരിക്കുന്നു. സീറ്റുകള്‍ കുറഞ്ഞെങ്കിലും എന്‍ഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയായിരിക്കുമെന്ന് ബിജെപി വ്യക്തമാക്കി. മുഖ്യമന്ത്രി പങ്കുവെക്കില്ലെന്ന് ജെഡിയു അധ്യക്ഷന്‍ വസിഷ്ട നാരായണ്‍ സിംഗ് അറിയിച്ചു.
ബിഹാര്‍ രാഷ്ട്രീയത്തില്‍ നിതീഷ് കുമാര്‍ എന്ന മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഒരു അത്ഭുതമായിരുന്നു. രണ്ടു ശതമാനം മാത്രമുള്ള തന്റെ സമുദായത്തിന്റെ വോട്ടുകള്‍ക്കൊപ്പം പല വിഭാഗങ്ങളെയും കൂട്ടിയിണക്കിയുള്ള സാമൂഹ്യ എഞ്ചിനീയറിംഗില്‍ നിതീഷിനെ വെല്ലാന്‍ ആരുമില്ലായിരുന്നു.
ബിഹാറിലെ അതേ മണ്ണില്‍ നിതീഷ് തളരുകയാണ്. ബിജെപിക്കൊപ്പം നിന്ന് അധികാരത്തിലേക്ക് എത്തുമ്പോഴും പഴയ കരുത്ത് ഇനി നിതീഷിന് ഉണ്ടാകണമെന്നില്ല. സീറ്റ് നിലയില്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുമ്പോള്‍ ബിജെപിക്ക് ഒപ്പം എന്നത് മാറി ബിജെപി കീഴിലെ മുഖ്യമന്ത്രിയായി നിതീഷ് മാറും.
സീറ്റുകള്‍ കുറഞ്ഞാലും നിതീഷ് തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ആ നിലപാട് ബിജെപിയും ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി നിതീഷ് തന്നെയായിരിക്കുമെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വസിഷ്ട നാരായണ്‍ സിംഗ് വ്യക്തമാക്കി.
ശരദ് യാദവ്, ലാലുപ്രസാദ് യാദവ്, രാംവിലാസ് പസ്വാന്‍ തുടങ്ങിയവര്‍ക്കൊപ്പം മണ്ഡല്‍ രാഷ്ട്രീയത്തിലൂടെ ദേശീയരംഗത്തേക്കുയര്‍ന്ന നേതാവാണ് നിതീഷ്. കുടുംബരാഷ്ട്രീയത്തോടുള്ള രോഷത്തിന്റെ പ്രതീകമായ നിതീഷ് കുടുംബത്തെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തി. പക്ഷെ, ശ്രദ്ധയോടെ വളര്‍ത്തിയെടുത്ത സാമൂഹ്യ അടിത്തറ ചോരുന്നിരക്കുന്നു.
നിതീഷിനെ വീഴ്ത്താന്‍ ചിരാഗ് പസ്വാനുമായി ബിജെപി രഹസ്യധാരണയുണ്ടാക്കി എന്ന സംസാരവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്‍ഡിഎ എന്നു മാത്രം ചിന്തിക്കാനെ നിതീഷിനു കഴിയുകയുള്ളു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker