LATESTNATIONAL

നിവാര്‍ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു: ചെന്നൈയില്‍ കനത്ത മഴ

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തീരത്തേക്ക് അടുക്കുന്നു. ഇന്ന് രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറുമണിക്കും ഇടയില്‍ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ നിവാര്‍ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നത്. ചെന്നൈയിലും കാഞ്ചീപുരത്തും കനത്തമഴ തുടരുകയാണ്.
ചെമ്പരപ്പാക്കം തടാകം നിറഞ്ഞതിനെ തുടര്‍ന്ന് തുറന്നു. ആയിരം ഘനയടിവെള്ളം തുറന്നുവിട്ടു. ചെമ്പരപ്പാക്കത്ത് മഴ കൂടുതല്‍ പെയ്യുകയും വെള്ളം ഉയരുകയും ചെയ്താല്‍ കൂടുതല്‍ വെള്ളം തുറന്നുവിടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഈ തടകാം തുറന്നുവിടുന്നത്. 2015ലെ പ്രളയ സമയത്താണ് ഇതിന് മുമ്പ് ചെമ്പരപ്പാക്കം തുറന്നിട്ടുളളത്.
തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. 77 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. തീരപ്രദേശത്തെ ആളുകളെയും നദീതീരത്തുളള ആളുകളെയുമാണ് ഇവിടേക്ക് ആദ്യം മാറ്റി പാര്‍പ്പിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ഏഴുജില്ലകളെ നിവാര്‍ കാര്യമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പുതുച്ചേരിയേയും ആന്ധ്രയിലെ രണ്ടുജില്ലകളെയും ബാധിക്കും. ഇത് നേരിടുന്നതിനായി 22 എന്‍ഡിആര്‍എഫ് സംഘം, 10 സംഘം സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവര്‍ സന്നദ്ധരായിക്കഴിഞ്ഞു. ഇവര്‍ക്കൊപ്പം ഹെലികോപ്റ്ററുകളും കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട്.

Related Articles

Back to top button