KERALALATEST

നിയമസഭയിലെ കയ്യാങ്കളി; സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി

തിരുവനന്തപുരം: 2015 ലെ നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കേസ് വാദിച്ചിരുന്ന സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെയാണ് മാറ്റിയത്. പകരം ചുമതല അസി. പ്രോസിക്യൂട്ടര്‍ ജയില്‍ കുമാറിന് നല്‍കി.
കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി നേരത്തെ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് കോടതി തള്ളുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇടത് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിനെ പിന്തുണച്ചില്ല എന്ന കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റിയത്.
2015 മാര്‍ച്ച് 13ന് അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇത് തടസ്സപ്പെടുത്താനായി ഇടത് എംഎല്‍എമാര്‍ സഭയില്‍ കയ്യാങ്കളി നടത്തിയെന്നാണ് കേസ്. സംഘര്‍ഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ സഭയ്ക്കുള്ളില്‍ ഉണ്ടായിരുന്നു.
പൊതുമുതല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയതിനാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
ഹര്‍ജി പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരും കോട്ടയം സ്വദേശികളുമായ എം.ടി.തോമസ്, പീറ്റര്‍ മയിലിപറമ്പില്‍ എന്നിവരായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്.
നിയമസഭയില്‍ നടന്ന കൈയാങ്കളി പരസ്യമായി ടി.വി. ചാനലുകളിലൂടെ നാട്ടുകാര്‍ കണ്ടിട്ടുള്ളതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്ത പ്രതികള്‍ക്കെതിരേ യാതൊരു നിയമനടപടിയുമുണ്ടായില്ലെങ്കില്‍ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു ഇതാണ് കോടതി അംഗീകരിച്ചത്.
പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ മുന്‍ ധനമന്ത്രി കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസ്സില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തത്. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍.
കെ.അജിത്, കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, സി.കെ.സദാശിവന്‍,വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്. വി.ശിവന്‍ കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള തടസ്സ ഹര്‍ജി നല്‍കിയിരുന്നു.

Related Articles

Back to top button