BREAKING NEWSKERALA

കിഫ്ബി: അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കിഫ്ബിയുടെ മുഴുവന്‍ വായ്പകളും ഭരണഘടനാ ലംഘനമാണെന്ന സിഎജി റിപ്പോര്‍ട്ടിലെ വാദം തെറ്റാണെന്നു ധനമന്ത്രി ടി.എം.തോമസ് ഐസക്. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. കിഫ്ബി 2018-–19 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ മസാല ബോണ്ടുകള്‍ വിറ്റഴിച്ചതുള്‍പ്പെടെയുള്ള കടമെടുപ്പ് ബജറ്റിനു പുറത്തുള്ള കടമെടുപ്പാണെന്നും ഇതു ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി വി.ഡി.സതീശനാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രമേയം സഭ തള്ളി. ധനമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപോയി.
സര്‍ക്കാരിനോട് ചര്‍ച്ച ചെയ്യുകയോ പരിശോധിക്കുകയോ ചെയ്യാതെയാണ് സിഎജി റിപ്പോര്‍ട്ടു തയാറാക്കിയതെന്നു ധനമന്ത്രി പറഞ്ഞു. നിയമസഭയോട് ഇതിനേക്കാള്‍ അനാദരവ് കാണിക്കാനില്ല. ഒരു ബോഡി കോര്‍പറേറ്റായ കിഫ്ബിയാണ് വിദേശ വായ്പയെടുത്തത്. ഫെമ നിയമപ്രകാരം അവര്‍ക്കു വായ്പ എടുക്കാന്‍ അവകാശമുണ്ട്. വായ്പയ്‌ക്കെതിരെ റിസര്‍വ് ബാങ്ക് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. കേരളമെന്ന സംസ്ഥാനത്തുള്ള കിഫ്ബി ലോക വിപണിയിലേക്കിറങ്ങുന്നു എന്നതിന്റെ സന്ദേശം നല്‍കുകയാണ് മസാല ബോണ്ടിലൂടെ ചെയ്തതെന്നു ധനമന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരായ പ്രതിപക്ഷനീക്കം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടും. കിഫ്ബി പദ്ധതികള്‍ വേണോ വേണ്ടയോ എന്നകാര്യം യുഡിഎഫ് ജനങ്ങളോട് പറയണം. കിഫ്ബിയിലൂടെ ഇതുവരെ 7300 കോടി ചെലവഴിച്ചു. ദേശീയപാത സ്ഥലമേറ്റെടുപ്പിനു 700 കോടി അനുവദിക്കുന്നതോടെ ചെലവഴിച്ച തുക 8000 കോടി ആകും. മാര്‍ച്ചിനകം 12,000കോടിരൂപ കിഫ്ബി പദ്ധതികള്‍ക്കു നല്‍കാനാണ് തയാറെടുക്കുന്നത്. സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും 60,000 കോടിയുടെ പദ്ധതികളാണ് കിഫ്ബിയിലൂടെ നടപ്പിലാക്കാക്കുന്നത്. കിഫ്ബി പദ്ധതികള്‍ നടപ്പിലായാല്‍ കേരളം മാറും.
അതിനിടയിലാണ് സിഎജി ഇങ്ങനെ എഴുതിപ്പിടിപ്പിച്ചത്. എന്തിനാണ് സിഎജി ഇത്ര ധൃതി കാണിച്ചതെന്നു ധനമന്ത്രി ചോദിച്ചു. കിഫ്ബി വായ്പയെടുക്കുന്നതിനു സര്‍ക്കാര്‍ ഗാരന്റി നല്‍കുന്നുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി സര്‍ക്കാര്‍ തങ്ങളുടെ ഇംഗിതത്തിനു അനുസരിച്ച് നിര്‍ത്തുകയാണ്. സിഎജി എക്‌സിറ്റ് മീറ്റിങ്ങിന്റെ മിനിട്ട്‌സ് എജി ഓഫിസില്‍നിന്ന് ധനകാര്യവകുപ്പിലേക്കു അയച്ചില്ലെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി ഭരണഘടനാ വിരുദ്ധമെന്നല്ല, വിദേശ വായ്പ എടുത്തതാണ് ഭരണഘടനാവിരുദ്ധമെന്ന് വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തുനിന്നു കടമെടുത്തതെന്നു ധനമന്ത്രി വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിന് എങ്ങനെയാണ് വിദേശ കടമെടുക്കാന്‍ കഴിയുകയെന്നു സതീശന്‍ ചോദിച്ചു.
സിഎജിയെക്കുറിച്ച് ധനമന്ത്രി നടത്തിയ പരാമര്‍ശത്തെ സതീശന്‍ എതിര്‍ത്തു. തുടര്‍ന്ന്, വ്യക്തിപരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായി ധനമന്ത്രി അറിയിച്ചു. സിഎജി എക്‌സിറ്റ് മീറ്റിങ്ങിന്റെ മിനിട്ട്‌സ് ധനവകുപ്പിലേക്ക് അയച്ചിട്ടുണ്ടെന്നു താനതു തെളിയിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും മന്ത്രി രാജിവച്ച് ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related Articles

Back to top button