BREAKING NEWSKERALALATEST

നിയമസഭയിലെ കയ്യാങ്കളി കേസ്: രണ്ടു മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: കേരള നിയമസഭയിലുണ്ടായ കയ്യാങ്കളി സംബന്ധിച്ച കേസ് അനന്തമായി നീട്ടികൊണ്ട് പോകുന്നതിനു എതിരെ ഹൈക്കോടതി. കേസ് നീട്ടികൊണ്ടു പോകുന്നത് ഉചിതം അല്ല. കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ രണ്ട് മാസത്തിനകം തീര്‍പ്പ് ഉണ്ടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
2015ല്‍ ആയിരുന്നു നിയമസഭയിലുണ്ടായ കയ്യാങ്കളിയെത്തുടര്‍ന്ന് എംഎല്‍എമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ അടക്കം ആറു പേരാണ് കേസിലെ പ്രതികള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസ് അവസാനിപ്പിക്കാന്‍ കോടതി അപേക്ഷ നല്‍കി. ഈ അപേക്ഷ നിലനില്‍ക്കുന്നതിനാല്‍ മറ്റു നടപടികള്‍ നിലച്ചിരിക്കുകയായിരുന്നു. സര്‍ക്കാര്‍ ഹര്‍ജി നിലനില്‍ക്കുന്നു എന്നത് കൊണ്ട് കേസ് അനന്തമായി നീട്ടികൊണ്ടു പോകരുതെന്നും ഹൈക്കോടതി ഇന്ന് നിര്‍ദ്ദേശിച്ചു.
അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് തടയാനുള്ള എല്‍ഡിഎഫ് എംഎല്‍എമാരുടെ ശ്രമങ്ങളാണ് നിയമസഭ അതിനു മുമ്പ് കാണാത്ത തരത്തിലുള്ള സംഭവങ്ങളിലേക്ക് വഴി വച്ചത്. പ്രതിഷേധങ്ങള്‍ക്കിടെ സ്പീക്കറുടെ കസേരയും മൈക്കും കമ്പ്യൂട്ടറും ഉള്‍പ്പടെയുള്ളവ തകര്‍ന്നു. രണ്ടു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നായിരുന്നു കുറ്റപത്രം.

Related Articles

Back to top button