തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ കൈകാര്യം ചെയ്യാനുള്ള തിരുവനന്തപുരത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കസേരയില്‍ ആളില്ല. തിരുവനന്തപുരത്തെ ഡിഡിപിയായിരുന്ന ബീനാ സതീശിനെ ആലപ്പുഴയിലേക്ക് മാറ്റിയെങ്കിലും പകരം നിയമനം നല്‍കിയിട്ടില്ല. നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ ശക്തമായി പിന്തുണച്ചില്ലെന്ന പരാതിയിലാണ് ബീനാ സതീശിനെ കഴിഞ്ഞദിവസം സ്ഥലം മാറ്റിയത്.
കേസിലെ പ്രതിയായ മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി ബീനയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയായിരുന്നു സ്ഥലം മാറ്റം. വിരമിക്കാന്‍ ഏഴ് മാസം മാത്രം ബാക്കിനില്‍ക്കെ, സാധാരണ കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ചായിരുന്നു ബീനയ്ക്കെതിരായ നടപടി. ബീനയ്ക്ക് പകരം എറണാകുളത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ തിരുവനന്തപുരത്തേക്ക് മാറ്റാനായിരുന്നു ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ.
പക്ഷെ തിരുവനന്തപുരത്തേക്ക് പോകാന്‍ എറണാകുളത്തെ അഭിഭാഷകന് വിമുഖത അറിയിച്ചതോടെ തിരുവന്തപുരത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് പദവി ഒഴിച്ചിട്ട്, സ്ഥലമാറ്റം തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി. ബീനയെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയിട്ടും തിരുവനന്തപുരത്ത് ഇനിയും പകരം നിയമനമായിട്ടില്ല. അസിസ്റ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനില്‍കുമാറിന് ചുമതല നല്കി ഓഫീസ് ഒഴിയാനാണ് ബീനാ സതീശിന് സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം.
കയ്യാങ്കളി കേസില്‍ സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ കുമാറാകും സര്‍ക്കാരിന് വേണ്ടി ഹാജരാകുക. പൊലീസ് ആസ്ഥാനത്തെ ഇമെയില്‍ ചോര്‍ത്തിയ കേസും, നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള ഉത്തരവും നിലനില്‍ക്കില്ലെന്ന് ഡിഡിപി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കയ്യാങ്കളി കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതികളായ ഇടതുനേതാക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനും ബീനാ സതീശുമായി കോടതി മുറിയില്‍ തര്‍ക്കവുമുണ്ടായി.
സര്‍ക്കാര്‍ ഉത്തരവ് കോടതി തള്ളിയതോടെ പ്രതികളായ നാല് നേതാക്കള്‍ക്ക് കോടതിയില്‍ ഹാജരായി പണം കെട്ടിവച്ച് ജാമ്യമെടുക്കേണ്ടിവന്നു. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്കാന് പ്രോസിക്യൂഷന് ഇടപെട്ടില്ലെന്നും ഇടതുനേതാക്കള്‍ക്ക് പരാതിയുണ്ട്. മാത്രമല്ല പിഎസ്സി ക്രമക്കേട് കേസില്‍ പ്രതികളായ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കള്‍ പ്രതികളായ പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാനുള്ള ഉത്തരവുകള്‍ ബീനാ സതീശ് കോടതിയില്‍ നല്കാന് വിസമ്മതിച്ചു. ഇതെല്ലാമാണ് ഒടുവില്‍ അസാസാധാരണമായ സ്ഥലം മാറ്റത്തിലേക്ക് വഴിവെച്ചത്.