
ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. മന്ത്രിതല ചർച്ചയ്ക്ക് ശേഷമാണ് ഹർഷവർധൻ ഇക്കാര്യം പറഞ്ഞത്.
‘ചില പ്രദേശങ്ങളിൽ ചിലപ്പോൾ രോഗവ്യാപനത്തിന്റെ തോത് കൂടുതലായിരിക്കും. എന്നു കരുതി രാജ്യത്ത് സമൂഹ വ്യാപനമുണ്ടായെന്ന് പറയാൻ സാധിക്കില്ല’- മന്ത്രി ഹർഷവർധൻ പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് മരണങ്ങൾ 21,000 കടന്ന് 21,129 ൽ എത്തി. 24 മണിക്കൂറിനിടെ 24,879 പുതിയ പോസിറ്റീവ് കേസുകളും 487 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 7,67,296 ആയി. നിലവിൽ ചികിത്സയിലുള്ളത് 2,69,789 പേരാണ്. രാജ്യത്താകെ 4,76,377 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 62.08 ശതമാനമായി ഉയർന്നു.
പുതിയ കൊവിഡ് കേസുകളുടെ 58.09 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 14,454 പോസിറ്റീവ് കേസുകൾ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.