BREAKING NEWSWORLD

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തിയ മൂന്നു പേര്‍ക്ക്

വൈദ്യശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിന് ഹാര്‍വി ജെ ആള്‍ട്ടര്‍, മൈക്കിള്‍ ഹൂട്ടണ്‍, ചാള്‍സ് എം റൈസ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. സ്റ്റോക്ക്‌ഹോമിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് നൊബേല്‍ അസംബ്ലി പുരസ്‌കാരം പ്രഖ്യാപിച്ചത്.
മൂവരും ചേര്‍ന്ന് നിര്‍ണായകമായ കണ്ടെത്തലാണ് നടത്തിയതെന്ന് കമ്മിറ്റി ട്വിറ്ററില്‍ കുറിച്ചു. ‘ലോകവ്യാപകമായി ആളുകളില്‍ സിറോസിസിനും കരള്‍ ക്യാന്‍സറിനും കാരണമാകുന്ന രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായകമായ കണ്ടെത്തലാണ് ഇവര്‍ നടത്തിയത്.’ കമ്മിറ്റി ട്വീറ്റ് ചെയ്തു.
നോവല്‍ കൊറോണവൈറസ് സൃഷ്ടിച്ച പ്രതിസന്ധിയിലൂടെ ലോകം കടന്നു പോകുന്ന സാഹചര്യത്തില്‍ കൊവിഡ് 19നുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്കായിരിക്കില്ല നൊബേല്‍ സമ്മാനം ലഭിക്കുകയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാമാരി ലോകത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ സയന്‍സ് എത്രത്തോളം പ്രധാനമാണെന്നാണ് കാണേണ്ടതെന്നും നൊബേല്‍ ഫൗണ്ടേഷന്‍ തലവന്‍ ലാര്‍സ് ഹെയ്‌കെന്‍സ്റ്റന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തിങ്കളാഴ്ച ഗ്രീന്‍വിച്ച് സമയം രാവിലെ 9.30നാണ് (ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 3 മണി) നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും നോബേല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കും. ഏറെ കാത്തിരിക്കുന്ന സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വ്യാഴാഴ്ചയായിരിക്കും പ്രഖ്യാപിക്കുക. വെള്ളിയാഴ്ച സാഹിത്യ നോബല്‍ സമ്മാനവും പ്രഖ്യാപിക്കും. എക്കണമിക്‌സിനുള്ള നൊബേല്‍ സമ്മാനം ഒക്ടോബര്‍ 12 തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക.
നൊബേല്‍ പുരസ്‌കാരങ്ങള്‍ തീരുമാനിക്കാന്‍ വര്‍ഷങ്ങളോളം സമയമെടുക്കുമെന്നതിനാലാണ് കൊവിഡ് 19 സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് ഈ വര്‍ഷത്തെ പുരസ്‌കാരം ലഭിക്കാത്തത്. നൊബേല്‍ പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്ന സമിതി ലോകത്ത് നടക്കുന്ന മറ്റഉ സംഭവങ്ങളില്‍ സ്വാധീനിക്കപ്പെടാറില്ലെന്ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന സ്വീഡിഷ് റോയല്‍ അക്കാദമി ഓഫ് സയന്‍സസ് മുന്‍ സ്ഥിരം സെക്രട്ടറി എര്‍ലിങ് നോര്‍ബി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞിരുന്നു. ഒരു കണ്ടെത്തലിന്റെ മൂല്യം മനസ്സിലാകാന്‍ പത്ത് വര്‍ഷത്തോളമെങ്കിലും സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button