നിങ്ങളുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഭക്ഷണം ന്യൂഡില്‍സ് ആണോ? പ്രാതലായാലും, ഉച്ചഭക്ഷണം ആയാലും, അത്താഴം ആണെങ്കിലും ന്യൂഡില്‍സ് കിട്ടിയാല്‍ നിന്നാണ് ഹാപ്പി ആണോ? മഴയായും വെയില് ആയാലും ന്യൂഡില്‍സ് ആസ്വദിച്ചു കഴിക്കുന്ന കൂട്ടത്തിലാണോ? നാളെ നിങ്ങള്‍ മരിക്കും എന്നറിഞ്ഞാല്‍ അവസാനമായി കഴിക്കാന്‍ ആഗ്രഹമുള്ള ഭക്ഷണം ഏത് വേണം എന്ന് ചോദിച്ചാല്‍ ഉത്തരം ന്യൂഡില്‍സ് ആണോ? മേല്പറഞ്ഞ എല്ലാ ചോദ്യങ്ങള്‍ക്കും നിങ്ങളുടെ ഉത്തരം ‘അതേ’ അല്ലെങ്കില്‍ ‘ആണ്’ എന്നാണെങ്കില്‍ നിങ്ങള്‍ക്കായി ഒരു കിടിലന്‍ ജോലിയിലുണ്ട്, ചീഫ് ന്യൂഡില്‍സ് ഓഫീസര്‍.
പ്രശസ്ത ന്യൂഡില്‍സ് ബ്രാന്‍ഡ് ആയ ടോപ്രാമെന്റെ മാതൃകമ്പനിയായ നിസ്സിന്‍ ഫുഡ്സ് ആണ് ചീഫ് ന്യൂഡില്‍സ് ഓഫീസറെ തിരയുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ആണ് പുതിയ ജോലിയെപ്പറ്റി നിസ്സിന്‍ ഫുഡ്സ് വ്യക്തമാക്കുന്നത്. ബ്രാന്‍ഡിന്റെ അന്‍പതാം വാര്‍ഷികം പ്രമാണിച്ചാണ് ലോകത്തെ ആദ്യ ചീഫ് ന്യൂഡില്‍സ് ഓഫീസര്‍ ‘തസ്തികയിലേക്കുള്ള’ പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചീഫ് ന്യൂഡില്‍സ് ഓഫീസര്‍ ആവാന്‍ ടോപ്രാമെന്റെ ന്യൂഡില്‍സ് ഉപയോഗിച്ച് നിങ്ങള്‍ വെറൈറ്റി വിഭവം തയ്യാറാക്കണം. അതിന് ശേഷം #howdoyoutopramen എന്ന ഹാഷ്ടാഗോടെ വിഭവത്തിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കണം. അത്ര മാത്രം. നിങ്ങളുടെ വിഭവം കണ്ട് നിസ്സിന്‍ ഫുഡ്സ് നിങ്ങളെ ചീഫ് ന്യൂഡില്‍സ് ഓഫീസറായി തിരഞ്ഞെടുത്താല്‍ കമ്പനിയുടെ എല്ലാ പുത്തന്‍ ന്യൂഡില്‍സ് ഫ്ലേവറുകളും ആദ്യം രുചിച്ച് നോക്കാനുള്ള അവസരവും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ചേരുവകള്‍ ചേര്‍ത്ത് ടോപ്രാമെന് ന്യൂഡില്‍സ് ഫ്ലേവര്‍ നിര്‍ദ്ദേശിക്കാനുള്ള അവസരവുമാണ് ഒരുങ്ങുന്നത്. ഒപ്പം പ്രതിഫലമായി ലഭിക്കുന്ന തുക എത്രയെന്നോ? 10,000 ഡോളര്‍, ഏകദേശം 7.3 ലക്ഷം രൂപ.
എന്നാല്‍ പിന്നെ ന്യൂഡില്‍സ് ഉപയോഗിച്ച് ഒരു ഒന്നൊന്നര ഫുഡുണ്ടാക്കി ചീഫ് ന്യൂഡില്‍സ് ഓഫീസര്‍ ആയിട്ടുതന്നെ കാര്യം എന്ന് ചിന്തിക്കാന്‍ വരട്ടെ. അമേരിക്കയില്‍ താമസിക്കുന്ന 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഈ അവസരം. നിങ്ങള്‍ മേല്പറഞ്ഞ കൂട്ടത്തില്‍ പെടുന്ന ആളാണോ? എങ്കില്‍ ടോപ്രാമെന് ന്യൂഡില്‍സ് വാങ്ങാന്‍ ഓടിക്കോ.