BREAKING NEWSLATESTWORLD

കോവിഡ് കാലത്ത് നിയമം തെറ്റിച്ച് പിറന്നാള്‍ ആഘോഷിച്ച നോര്‍വേ പ്രധാനമന്ത്രി പിഴയടച്ചത് 1.75 ലക്ഷം രൂപയോളം

ഒസ്ലോ: കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയിലൂടെയാണ് ലോകം കടന്നു പോകുന്നത്. കേരളത്തിലും ഇന്ത്യയിലും അതിഭീകരമാം വിധം കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍, സാധാരണക്കാര്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ ഉന്നത സ്ഥാനത്തിരിക്കുന്ന പലരും കോവിഡ് പ്രോട്ടോക്കോളുകള്‍ കാറ്റില്‍ പറത്തുന്നതിന് കഴിഞ്ഞദിവസങ്ങളില്‍ നാം സാക്ഷിയായി.
എന്നാല്‍, ഇത്തരത്തില്‍ ഒരു കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതിന് ഒരു പ്രധാനമന്ത്രിക്ക് തന്നെ പിഴ ഈടാക്കിയിരിക്കുകയാണ്. സംഭവം ഇവിടെയൊന്നുമല്ല, അങ്ങ് നോര്‍വേയില്‍ ആണെന്ന് മാത്രം. കോവിഡ് നിയമങ്ങള്‍ ലംഘിച്ച് പിറന്നാള്‍ പാര്‍ട്ടി നടത്തിയതിന് 1.75 ലക്ഷം രൂപയാണ് പ്രധാനമന്ത്രി എര്‍ണ സോല്‍ബെര്‍ഗില്‍ നിന്ന് പിഴ ആയി നോര്‍വേ പൊലീസ് ഈടാക്കിയത്. കോവിഡ് 19 പ്രോട്ടോക്കോള്‍ ആയ സാമൂഹ്യ അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പ്രധാനമന്ത്രിക്ക് പൊലീസ് പിഴ ചുമത്തിയത്. തന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി പ്രധാനമന്ത്രി കുടുംബത്തിന്റെ ഒരു ഒത്തുചേരല്‍ നടത്തിയിരുന്നു. ഇതിനാണ് പൊലീസ് പിഴ ഈടാക്കിയത്.
20,000 നോര്‍വീജിയന്‍ ക്രൗണ്‍സ് അതായത് ഏകദേശം 1.75 ലക്ഷം രൂപ പിഴയായി ഈടാക്കി. പൊലീസ് തലവന്‍ ഒലേ സാവേറഡ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചു.
പത്തിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടിക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, രണ്ടു തവണ നോര്‍വേയുടെ പ്രധാനമന്ത്രിയായ ഇവര്‍ കുടുംബാംഗങ്ങളായ 13 പേര്‍ക്കൊപ്പം തന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഇതിന് പിന്നീട് അവര്‍ മാപ്പപേക്ഷ നടത്തുകയും ചെയ്തിരുന്നു. ഫെബ്രുവരി അവസാനം ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു പിറന്നാള്‍ ആഘോഷം.
ഇത്തരം മിക്ക കേസുകളിലും പൊലീസ് പിഴ ഈടാക്കുമായിരുന്നില്ലെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി മുന്‍പന്തിയിലാണ് ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ‘നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്, നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണ്’ പിഴ ഈടാക്കിയതിനെ ന്യായീകരിച്ച് സാവേറദ് പറഞ്ഞു.
കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട നിരവധി നിയന്ത്രണങ്ങള്‍ ജൂണ്‍ അവസാനത്തോടെ ക്രമേണ ഒഴിവാക്കുമെന്ന് നോര്‍വേ പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി ബുധനാഴ്ച പാര്‍ലമെന്റിനെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്ത എത്തിയത്. അതേസമയം, രാജ്യത്ത് കോവിഡ് അണുബാധ നിരക്ക് കുറയുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ആദ്യം കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ യൂറോപ്പില്‍ ഏറ്റവും കുറവ് കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തത് നോര്‍വേയിലാണ്. പക്ഷേ, കൊറോണ വൈറസിന്റെ വ്യത്യസ്ത രൂപങ്ങള്‍ വ്യാപിച്ചതോടെ മാര്‍ച്ചോടെ ആശുപത്രിയിലെ പ്രവേശന നിരക്ക് വര്‍ദ്ധിച്ചു.
നോര്‍വേയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന് നാല് ഘട്ട പദ്ധതിയാണ് സോല്‍ബെര്‍ഗ് അവതരിപ്പിച്ചിരിക്കുന്നത്. ജൂണ്‍ അവസാനത്തോടെ ഇതിലെ മൂന്നു ഘട്ടവും പൂര്‍ത്തിയാകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. അതേസമയം, നാലാംഘട്ടം എത്രത്തോളം നീണ്ടു നില്‍ക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker