കോട്ടയം: മന്നം ജയന്തിദിനത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ആശംസ അറിയിച്ചതും അതിന് എന്‍.എസ്.എസ്. നന്ദി രേഖപ്പെടുത്തിയതും രാഷ്ട്രീയചര്‍ച്ചകള്‍ക്കു വഴിയൊരുക്കുന്നു.
‘സാമൂഹിക സേവനം, സാമൂഹിക നീതി, സാംസ്കാരിക പുനരുദ്ധാരണം എന്നിവയ്ക്ക് മന്നത്ത് പദ്മനാഭന് നല്കിയ സംഭാവനകളോട് തലമുറകള്‍ കൃതജ്ഞതയുള്ളവരായിരിക്കും. മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി സമ്പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജയന്തി ദിനത്തില്‍ അദ്ദേഹത്തോടുള്ള എന്റെ ആദരവ് അര്‍പ്പിക്കുന്നു’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്. മോദിക്കും അമിത്ഷായ്ക്കും നന്ദിയറിയിച്ച് എന്‍.എസ്.എസ്. കത്തയക്കുകയും െചയ്തു.
മോദിയുടെയും അമിത്ഷായുടെയും സന്ദേശങ്ങള്‍ ചേര്‍ത്ത് എന്‍.എസ്.എസ്. പ്രസിദ്ധീകരണമായ സര്‍വീസില്‍ വന്ന മുഖപ്രസംഗം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഫെയ്സ്ബുക്കിലിട്ടതാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്കു വഴിവെച്ചത്. ഈ പോസ്റ്റിനെത്തുടര്‍ന്ന് ബി.ജെ.പി. അനുകൂല സമീപനത്തിലേക്ക് എന്‍.എസ്.എസ്. വരുന്നുവെന്ന ചര്‍ച്ചകളുണ്ടായി.
ഇത്തരം ചര്‍ച്ചകളെ എന്‍.എസ്.എസ്. നേതൃത്വം തള്ളി. സംഘടനയുടെ നയം സമദൂരമാണെന്നും രാഷ്ട്രീയമില്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മന്നം ജയന്തിയോടനുബന്ധിച്ച് സമുദായ ആചാര്യനെ അനുസ്മരിച്ച് കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ എന്‍.എസ്.എസ്. നന്ദിയറിയിച്ച് കത്തയക്കുകയും ചെയ്തു. എന്‍.എസ്.എസിനോട് ആര് ഈ രീതിയില്‍ പെരുമാറിയാലും സമാന സമീപനമാണു സ്വീകരിക്കുക. ഇതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.