തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒ.ആര്‍ കേളു സെക്രട്ടേറിയേറ്റിലെത്തി ചുമതലയേറ്റു. വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഗൗരമായി കാണുമെന്നും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് അതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ നടക്കുകയാണെന്നും ചുമതലയേറ്റ ശേഷം മന്ത്രി പറഞ്ഞു.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കും. വന്യജീവി ആക്രമണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ മുമ്പ് പലതവണ ഉണ്ടായിട്ടുണ്ട്. പ്രശ്‌നപരിഹാരങ്ങള്‍ക്ക് വയനാട്ടിലെ എം.എല്‍.എമാരും എം.പിയുമായി കൂടിയാലോചിക്കും. മന്ത്രിക്ക് മാത്രം വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. എല്ലാവരും ഒരുമിച്ചുചേര്‍ന്നുകൊണ്ട് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന തല വകുപ്പ് സമിതി വിളിച്ച് ചേര്‍ത്ത് പട്ടികജാതി-വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും ‘കോളനി’ പദം മാറ്റുന്നതിനെ പറ്റി അതിന്റെ നിയമവശങ്ങള്‍ പഠിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടുകാരുടെ പ്രതീക്ഷക്ക് ഒത്തു ഉയര്‍ന്ന് പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു.
ഇന്ന് വൈകിട്ടാണ് രാജ്ഭവനില്‍ നാല് മണിക്ക് മന്ത്രി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. വയനാട്ടില്‍നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആലത്തൂര്‍ എംപിയായി ലോക്‌സഭയിലേക്ക് ജയിച്ച കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് ഒ ആര്‍ കേളുവിനെ മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ് ഇദ്ദേഹം.
1,098 1 minute read