ന്യൂഡല്‍ഹി: രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകള്‍ കേട്ടാണ് താന്‍ വളര്‍ന്നതെന്നും അതിനാല്‍ തന്നെ കുട്ടിക്കാലം മുതല്‍ തന്റെ മനസ്സില്‍ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നതായി യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. ഇന്തൊനീഷ്യയിലായിരുന്നു തന്റെ കുട്ടിക്കാലം. രാമായണവും മഹാഭാരതവും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചതായും രാഷ്ട്രീയ ഓര്‍മക്കുറിപ്പുകളുടെ ശേഖരമായ ‘എ പ്രോമിസ്ഡ് ലാന്‍ഡ് ‘ എന്ന പുതിയ പുസ്തകത്തില്‍ ബറാക് ഒബാമ കുറിക്കുന്നു.
കുട്ടിക്കാലത്ത് ഇന്തൊനീഷ്യയില്‍ ചെലവഴിച്ച സമയമാകും തന്റെ മനസ്സിനെ ഇന്ത്യയുമായി അടുപ്പിച്ചത്. കിഴക്കന്‍ രാജ്യങ്ങളിലെ മതങ്ങളെ കുറിച്ച് പഠിക്കാനുള്ള മനസ്സും ഇതിന് കാരണമായിട്ടുണ്ടാകാം. കോളജ് വിദ്യാര്‍ഥിയായിരിക്കെ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള നിരവധി സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. അവരാണ് പരിപ്പുകറിയും മറ്റും പാചകം ചെയ്യാന്‍ പഠിപ്പിച്ചത്. ബോളിവുഡ് സിനിമകള്‍ പരിചയപ്പെടുത്തി തന്നതും അവരായിരുന്നുവെന്നു ഒബാമ പറയുന്നു.
ലോകജനസംഖ്യയുടെ ആറില്‍ ഒന്ന് അധിവസിക്കുന്ന പ്രദേശമാണ് ഇന്ത്യ. രണ്ടായിരത്തോളം വ്യത്യസ്ത വിഭാഗങ്ങള്‍, എഴുന്നൂറിലധികം ഭാഷകള്‍ ഇതെല്ലാം ഇന്ത്യയോട് ആകര്‍ഷണം തോന്നാനുള്ള കാരണങ്ങളാണ്. 2010 ല്‍ യുഎസ് പ്രസിഡന്റെന്ന നിലയിലാണ് ഞാന്‍ ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്. എന്നാല്‍ അതിനു മുമ്പേ തന്റെ ഭാവനയില്‍ ഇന്ത്യയ്ക്ക് സവിശേഷമായ സ്ഥാനമുണ്ടായിരുന്നുവെന്നും പുസ്തകത്തില്‍ ഒബാമ പറയുന്നു.
ലോകനേതാക്കളെക്കുറിച്ച് ഒബാമയുടെ വിലയിരുത്തല്‍ ഉള്‍പ്പെടുന്ന പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ മന്മോഹന് സിങ്ങിനെയും രാഹുല്‍ ഗാന്ധിയെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സജീവ ചര്‍ച്ചയായിരുന്നു. വിഷയമറിയാതെ, അധ്യാപകന്റെ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുല്‍ എന്നാണ് ഒബാമയുടെ അഭിപ്രായം. കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഒബാമയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാക്കിയിരുന്നു. ‘ന്യൂയോര്‍ക്ക് ടൈംസ്’ നടത്തിയ പുസ്തകാവലോകനത്തിലൂടെയാണ് രാഹുലിനെക്കുറിച്ച് ഒബാമ നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായത്.