BREAKING NEWSKERALALATESTNEWS

സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം നാളെ മുതല്‍; ആദ്യം അന്ത്യോദയ വിഭാഗത്തിന്

തിരുവനന്തപുരം: സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യജ്ഞനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്തെ 2000ത്തോളം പായ്ക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവും പരിശോധിച്ച് ഉറപ്പാക്കി സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ സഹായത്തോടെയാണ് കിറ്റ് തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലി പുരോഗമിക്കുന്നത്.
500 രൂപയോളം വിലയുള്ള ഉത്പന്നങ്ങളാവും കിറ്റില്‍ ഉണ്ടാവുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളില്‍ പായ്ക്കുചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട 5,95,000 കുടുംബങ്ങള്‍ക്കാവും ആദ്യഘട്ടത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യുക.
പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുള്ളവര്‍ക്ക് നല്‍കും. ഓഗസ്റ്റ് 13, 14, 16 തീയതികളിലാവും അന്ത്യോദയ വിഭാഗത്തിലുള്ള മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം. തുടര്‍ന്ന് 19, 20, 21, 22 തീയതികളില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യും.
ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് നീല, വെള്ള കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ കിറ്റ് വിതരണം നടക്കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ ജൂലായ് മാസത്തില്‍ ഏത് കടയില്‍നിന്നാണോ റേഷന്‍ വാങ്ങിയത് പ്രസ്തുത കടയില്‍നിന്ന് ഓണക്കിറ്റ് വാങ്ങണം.
ഇതുകൂടാതെ റേഷന്‍കട വഴി കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ഓഗസ്റ്റ് 13 മുതല്‍ ആരംഭിക്കും. ഇതിനെല്ലാം പുറമെ ഓണച്ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 21 മുതല്‍ 10 ദിവസം ഉണ്ടാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Related Articles

Back to top button